തിരുവനന്തപുരം
കോഴിക്കോട്ടെ കെഎസ്ആർടിസി കോംപ്ലക്സ് നിർമാണത്തിലെ ക്രമക്കേടുകളുടെ പിന്നാമ്പുറകഥകൾ പുറത്തുവരാനുള്ള പ്രതിപക്ഷത്തിന്റെ അമിത വ്യഗ്രത തെളിഞ്ഞ് അടിയന്തര പ്രമേയ ചർച്ച. ടി സിദ്ദിഖും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് നിഷ്കളങ്കമെന്ന് തോന്നിക്കുംവിധമാണ് നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയത്തിനുള്ള പ്രാധാന്യം ഇതിനില്ലെന്ന് സ്പീക്കർ എം ബി രാജഷ് ചൂണ്ടിക്കാട്ടിയിട്ടും സതീശൻ ശക്തമായി വാദിച്ചു.
മറുപടിയിൽ മന്ത്രി ആന്റണി രാജു പ്രമേയം കൊണ്ടുവന്നവരുടെ ഉള്ളിലിരിപ്പ് പുറത്താക്കി. തിരുവഞ്ചൂരും വി എസ് ശിവകുമാറും ആര്യാടൻ മുഹമ്മദും വകുപ്പുമന്ത്രിമാരായിരിക്കെ നിർമിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത കെട്ടിടമാണെന്ന് മന്ത്രി വശദീകരിച്ചു. ‘നിങ്ങൾ ആരെയെങ്കിലും ഉന്നമിടുന്നുണ്ടെങ്കിൽ അത് സഭയുടെ ചെലവിൽ വേണോ?’ – എന്നായി ചോദ്യം.
‘കെട്ടിടത്തിൽ കമ്പിയില്ല, സിമന്റില്ല, അരക്ഷിതമാണ്’ എന്നു പറഞ്ഞ സിദ്ദിഖിനും കിട്ടി മറുപടി. ‘ആർക്കെതിരെയാണ് വിരൽ ചൂണ്ടുന്നത് എന്നൊക്കെ ഞങ്ങൾക്കറിയാം. മറ്റൊരു പാലാരിവട്ടം പാലമാണോ എന്നുതന്നെയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് സത്യം പുറത്തുകൊണ്ടുവരാനാണ്. ആരും ധൃതി പിടിക്കേണ്ട’ എന്ന മറുപടികൂടിയായതോടെ അടിയന്തര പ്രമേയത്തിന്റെ അബദ്ധം പ്രതിപക്ഷത്തിന് മനസ്സിലായി.
കെഎസ്ആർടിസിയുടെ കട്ടയും പടവും മടക്കാനാണ് ഉമ്മൻചാണ്ടിയുടെ കാലത്ത് ശ്രമിച്ചതെങ്കിൽ അന്നത്തേക്കാൾ മൂന്നിരട്ടി പണമായ 4698 കോടി രൂപ മുടക്കി കരകയറ്റാൻ ശ്രമിക്കുകയാണ് ഒന്നാം പിണറായി സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു. വൈവിധ്യവൽക്കരണത്തിന്റെ പട്ടികയും വായിച്ചു.