പെരിന്തൽമണ്ണ> ചരിത്രത്തിനുനേരെ ആർഎസ്എസ് വെടിയുതിർക്കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം. മലബാർ സമരം നൂറാം വാർഷികഭാഗമായി ഡിവൈഎഫ്ഐ പെരിന്തൽമണ്ണ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെയും ഓർമകളെയും ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമം. യഥാർഥ ചരിത്രത്തെ മലീമസപ്പെടുത്തി പുതിയ ചരിത്രം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം.
വളരെ സങ്കുചിതവും അപകടകരവുമായ മതരാഷ്ട്രത്തിലേക്കുള്ള ചുവടുവയ്പിലാണ് സംഘപരിവാർ. ഇതിന് അവർ നേരിടുന്ന ഏറ്റവും വലിയ തടസ്സം ചരിത്രമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസിനെ ചരിത്രം തിരിഞ്ഞുകൊത്തുന്നു.
ഇന്ത്യൻ ചരിത്രമെന്ന് പറയുന്നത് ഹിന്ദു–-മുസ്ലിം സംഘട്ടനമായിരുന്നെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവശ്രമമാണ് രാജ്യംഭരിക്കുന്നവർ നടത്തുന്നത്. അതിനവർ ചരിത്ര ഗവേഷണ കൗൺസിലിനെപോലും ദുരുപയോഗംചെയ്യുന്നു. ബ്രിട്ടീഷുകാർ ചരിത്രത്തെ വളച്ചൊടിച്ചതിന്റെ തുടർച്ചയാണ് ബിജെപി സർക്കാരും ചെയ്യുന്നത്.
മലബാർ സമരം ബ്രിട്ടീഷുകാർക്കെതിരെ മലബാറിലെ കർഷകർ നടത്തിയ ഐതിഹാസിക പോരാട്ടമായിരുന്നു. ചരിത്രത്തെ വക്രീകരിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള നീക്കത്തെ ഡിവൈഎഫ്ഐ ശക്തമായി എതിർക്കും. ജാതി മത വ്യത്യാസമില്ലാതെ ഒരുമിച്ച് പോരാടിയതിന്റെ ഭൂതകാല ചരിത്രമാണ് ഇന്ത്യക്കുള്ളത്. ആ ചരിത്രം സംരക്ഷിക്കാൻ ഡിവൈഎഫ്ഐ മുന്നിലുണ്ടാകുമെന്നും റഹിം പറഞ്ഞു.
ചരിത്ര അധ്യാപകൻ ഡോ. പി ശിവദാസൻ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇ ഷിജിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ മുബഷീർ, ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ്, സിപിഐ എം പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി ഇ രാജേഷ്, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി ഷാജി എന്നിവർ സംസാരിച്ചു. വി കെ രമേശൻ സ്വാഗതവും എൻ ഹർഷ നന്ദിയും പറഞ്ഞു.