തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ എൽ.ഡി.എഫിന്റെ അനുമതി. തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും എൽ.ഡി.എഫ്. യോഗം ചുമതലപ്പെടുത്തി.
ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം സ്വകാര്യ ബസ് ഉടമകളാണ് മുന്നോട്ടുവെച്ചത്. ഇന്നലെ രാത്രി കോട്ടയത്ത് ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിൽ അവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
കോട്ടയത്തെ ചർച്ചയുടെ വിശദാംശങ്ങൾ ആന്റണി രാജു ഇന്നത്തെ എൽ.ഡി.എഫ്. യോഗത്തിൽ അറിയിച്ചു. തുടർന്നാണ് ബസ് ചാർജ് വർധിപ്പിക്കാനുള്ള നയപരമായ അനുമതി എൽ.ഡി.എഫ്. യോഗം നൽകിയത്. മിനിമം ചാർജ് 12 രൂപ ആക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
സാധാരണയായി, പ്രത്യേക കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് കേരളത്തിൽ ബസ് ചാർജ് വർധിപ്പിക്കുന്നത്. ഇപ്പോൾ അടിയന്തര സാഹചര്യത്തിൽ സർക്കാർ അങ്ങനെ ഒരു മാർഗം അവലംബിക്കുമോ എന്നാണ് അറിയാനുള്ളത്.
content highlights:ldf shows green signal to bus charge hike