ചെങ്ങന്നൂർ > ചെങ്ങന്നൂരിൽ ഭർത്താവ് മരിച്ച് രണ്ടാം മാസം അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്തുകൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ സൂര്യൻ ഡി നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകൻ കൽക്കി (അഞ്ചു മാസം) എന്നിവരാണ് മരിച്ചത്.
അദിതിയുടെ വീടായ ചെങ്ങന്നൂർ ആലാവിളവിൽ വീട്ടിൽ തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് ഇരുവരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്. അവശരായ അമ്മയെയും, കുഞ്ഞിനെയും ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലുമെത്തിക്കുകയുമായിരുന്നു.
അദിതിയുടെ ഭർത്താവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട് ഗ്രൂപ്പ് മേൽശാന്തി സൂര്യനും (31), അദ്ദേഹത്തിന്റെ അമ്മ ശ്രീദേവി അന്തർജനവും (57) കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ സെപ്റ്റംബർ എട്ടിനു മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്നു മനോവിഷമത്തിലായിരുന്നു അദിതിയെന്നു ബന്ധുക്കൾ പറയുന്നു. ശിവദാസ്-ഇന്ദിരാദേവി ദമ്പതികളുടെ മകളാണ് അദിതി.