ബേബി ഡാമിനു പുറമെ എര്‍ത്ത് ഡാം ബലപ്പെടുത്തണമെന്നും ഡാമിലേയ്ക്കുള്ള അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാടിൻ്റെ ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ജലവിഭവ വകുപ്പിനോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്.
Also Read:
കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിതല യോഗത്തിൽ ബേബി ഡാം ബലപ്പെടുത്താനായി തമിഴ്നാട് ആവശ്യപ്പെട്ടതു പ്രകാരം സമീപത്തെ 15 മരങ്ങള്‍ മുറിയ്ക്കാൻ കേരള വനംവകുപ്പ് അനുമതി നല്‍കുകയായിരുന്നു. ഇതിനു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നന്ദി പറയുകയും ചെയ്തു. എന്നാൽ ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് സന്ദര്‍ശനത്തിനു ശേഷം മന്ത്രിസംഘം മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉത്തരവ് വിവാദമായതിനു പിന്നാലെ ഇത് മരവിപ്പിക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനിടെയാണ് ബേബി ഡാം ബലപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ കത്തയക്കുന്നത്.
Also Read:
അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാട് കേരളം സുപ്രീം കോടതിയിൽ ആവര്‍ത്തിച്ചു. പുതിയ ഡാം മാത്രമാണ് ശാശ്വത പരിഹാരമെന്നും ഡാം ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനഃപരിശോധിക്കണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം, ഡാമിലെ ജലനിരപ്പ് സംബന്ധിച്ച മാനദണ്ഡം മാറ്റേണ്ടെന്ന മേൽനോട്ട സമിതിയുടെ തീരുമാനത്തെ ഹര്‍ജിക്കാരനായ ജോ ജോസഫ് എതിര്‍ത്തു. സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നാണ് ഹര്‍ജിക്കാരൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച് അശ്രദ്ധമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ജീവൻ വെച്ച് കളിക്കന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.
Also Read:
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഡാം നിര്‍മാണത്തിനു മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം നടത്തുകയാണെന്നും ഡിസംബര്‍ മാസത്തിൽ തമിഴ്നാടുമായി മന്ത്രിതല ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. മരം മുറി ഉത്തരവ് റദ്ദാക്കാനുള്ള നടപടികള്‍ പരിശോധിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. കൂടാതെ ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടായേക്കും.