കറ്റാനം: സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാംസമ്മാനം 75 ലക്ഷം രൂപ ഭരണിക്കാവ് സ്വദേശിയും സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയുമായ എൽ.ജെ. ജോസിന്. ഭരണിക്കാവ് വടക്ക് കൊച്ചയ്യത്ത് തറയിൽ എൽ.ജെ. ജോസിനാണു തിങ്കളാഴ്ച നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചത്.
ഭരണിക്കാവ് ആൽത്തറ ജങ്ഷനിലെ ബാബുക്കുട്ടന്റെ ലോട്ടറി കടയിൽനിന്ന് ജോസ് വാങ്ങിയ ഡബ്ല്യൂ എക്സ് 864242 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ചെലവു കഴിഞ്ഞു പണം ബാക്കിയുണ്ടെങ്കിൽ ലോട്ടറി വാങ്ങുക ജോസിന്റെ പതിവാണ്. ആകെയുള്ള പതിനൊന്ന് സെന്റ് സ്ഥലം ഈടുവച്ചാണ് വീടുപണിയാൻ എസ്.ബി.ഐ.യിൽനിന്ന് 14 ലക്ഷം രൂപ വായ്പയെടുത്തത്. വായ്പക്കുടിശ്ശിക അടയ്ക്കാൻ കഴിയാതെ വലയുന്നതിനിടയിലാണ് ജോസിനെ ഭാഗ്യം തേടിയെത്തിയത്. വീടു നിർമിച്ച കരാറുകാരൻ മണികണ്ഠനും പണം നൽകാനുണ്ട്. ഭാഗ്യക്കുറിയിൽനിന്ന് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചു ബാധ്യതകളെല്ലാം തീർക്കണമെന്നും ജോസ് പറഞ്ഞു.
ലോട്ടറി ടിക്കറ്റ് പള്ളിക്കൽ നടുവിലേമുറി സർവീസ് സഹകരണ ബാങ്കിലേക്കു നൽകാനായി ബാങ്ക് പ്രസിഡന്റ് ജി. രമേശ്കുമാറിനു കൈമാറി. മേരിക്കുട്ടിയാണു ഭാര്യ. മക്കൾ: ലിനു മറിയം, ലാലു കോശി.