തിരുവനന്തപുരം
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ സമാധാന ശ്രമങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് തിരുവനന്തപുരം പൗരസഭ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തിൽ സമാധാനം പുലരുന്നുവെന്ന് ഉറപ്പാക്കാനുള്ള വലിയ ഉത്തരവാദിത്വം കാതോലിക്കാ ബാവായ്ക്കുണ്ട്. യേശു ശിഷ്യന്മാരോട് പറഞ്ഞത് എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നുവെന്നാണ്. യേശുവിന്റെ ശിഷ്യനായ കാതോലിക്കാ ബാവായ്ക്ക് ആ സമാധാനം വിശ്വാസസമൂഹവുമായി പങ്കുവയ്ക്കാൻ കഴിയണം. സഭ മാത്രമല്ല കേരളമാകെ അത് ഉറ്റുനോക്കുന്നു. പ്രത്യേക പരിചരണമാവശ്യമുള്ളവരെ ശുശ്രൂഷിക്കുന്ന മാതൃകാപരമായ ഇടപെടലാണ് കഴിഞ്ഞ നാളുകളിൽ അദ്ദേഹം നടത്തിയത്. മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ജനങ്ങളെ ബാധിച്ച സമയമാണിത്. അവർക്ക് ആശ്വാസം നൽകുന്ന പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാതോലിക്കാ ബാവായ്ക്ക് മംഗളപത്രവും സമർപ്പിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷനായി. മന്ത്രി ആന്റണി രാജു, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ, ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്താ, ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപോലീത്താ, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വി പി സുഹൈബ് മൗലവി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എം വിജയകുമാർ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, എം എം ഹസ്സൻ, ഒ രാജഗോപാൽ, പ്രഭാവർമ്മ, ജോസഫ് എം പുതുശേരി, ഫാ. എം ഒ ജോൺ, ബിജു ഉമ്മൻ എന്നിവർ സംസാരിച്ചു.















