കൊച്ചി
ഡിസംബറിൽ സർവീസ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ജല മെട്രോയുടെ നിർമാണം അതിവേഗം മുന്നോട്ട്. വൈറ്റില, കാക്കനാട് ബോട്ട് ജെട്ടികൾ പൂർണതോതിൽ പ്രവർത്തനക്ഷമമായി. വൈപ്പിൻ, ഏലൂർ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ ജെട്ടികളുടെ നിർമാണം 80 ശതമാനം പൂർത്തിയായി. ഫോർട്ട് കൊച്ചിയിൽ ജെട്ടിനിർമാണത്തിന്റെ പൈലിങ് ജോലികൾ പൂർത്തിയായി.
ഹൈക്കോടതി, ബോൾഗാട്ടി ജെട്ടികളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടം 38 ബോട്ട് ജെട്ടികളാണുള്ളത്.
നാല് ബോട്ടുകളാണ് ആദ്യം സർവീസ് നടത്തുക. ഇതിൽ ആദ്യബോട്ടിന്റെ നിർമാണവും കടൽപ്പരീക്ഷണവും കൊച്ചി കപ്പൽശാലയിൽ പൂർത്തിയായി. സർട്ടിഫിക്കേഷൻ നടപടികൾ പുരോഗമിക്കുന്നു. 100 പേർക്ക് യാത്ര ചെയ്യാവുന്ന ഹൈബ്രിഡ് ബോട്ടാണിത്.
വൈറ്റില–-കാക്കനാട് റൂട്ടിലാണ് ആദ്യം സർവീസ് ആരംഭിച്ചത്. 20 മിനിറ്റുകൊണ്ട് വൈറ്റിലയിൽനിന്ന് കാക്കനാട്ടെത്താം. കൊച്ചിയുടെ സമീപത്തെ 10 ദ്വീപുകളെ ബന്ധിപ്പിച്ചാണ് ഡിസംബറിൽ ആദ്യഘട്ട സർവീസ് ആരംഭിക്കുക. പിന്നീട് ഇൻഫോ പാർക്കുവരെ നീട്ടും. 747 കോടി രൂപയാണ് പദ്ധതിച്ചെലവ്.
മൂന്നു കിലോമീറ്റർവരെ 20 രൂപയാണ് നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും നാലു രൂപവീതം വർധിക്കും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയാകും.















