തിരുവനന്തപുരം
2021ലെ കേരള വിദ്യാഭ്യാസ(ഭേദഗതി) ബില്ലടക്കം അഞ്ച് ബിൽ നിയമസഭ പാസാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ പേര് പൊതുവിദ്യാഭ്യസം എന്നാക്കിയതിന് നിയമസാധുത നൽകുന്നതാണ് വിദ്യാഭ്യാസ ബില്ലിലെ പ്രധാന വ്യവസ്ഥ. 2021 ലെ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി (ഭേദഗതി) ബിൽ, 2021ലെ കേരള കർഷകത്തൊഴിലാളി (ഭേദഗതി) ബിൽ, 2021ലെ കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, 2021 ലെ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) എന്നീ ബില്ലുകളും പാസാക്കി.
കശുവണ്ടി ഫാക്ടറി തൊഴിലാളിയും തൊഴിലുടമയും അടയ്ക്കേണ്ട ക്ഷേമനിധി അംശാദായം
രണ്ടു രൂപയായി വർധിപ്പിക്കുകയും സർക്കാരിന്റെ അംശാദായം തൊഴിലാളികളുടെ അംശാദായത്തിന്റെ പകുതിയാക്കുന്നതുമാണ് കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബിൽ.
കർഷകത്തൊഴിലാളികളുടെയും ഭൂവുടമകളുടെയും അംശാദായം വർധിപ്പിക്കുന്നതാണ് കർഷകത്തൊഴിലാളി ഭേദഗതി ബിൽ. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അംശാദായം വർധിപ്പിക്കുന്നതാണ് തൊഴിലാളി ക്ഷേമനിധി ബില്ലും തയ്യൽ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലും. അഞ്ച് ബില്ലും മന്ത്രി വി ശിവൻകുട്ടി അവതരിപ്പിച്ചു.















