പുനലൂർ> കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ നവവരനും ഭാര്യാസഹോദരനും മുങ്ങിമരിച്ചു. കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതിൽ (പുത്തൻപുരയ്ക്കൽ) ഹമീദ്കുഞ്ഞിന്റെയും-സജിലയുടെയും മകൻ അൻസിൽ (26), ഭാര്യാസഹോദരൻ കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം പുത്തൻവീട്ടിൽ കിഴക്കതിൽ അൻസാറിന്റെയും ജാസ്മിലയുടെയും മകൻ അൽത്താഫ് (23) എന്നിവരാണ് മരിച്ചത്. അൻസിലിന്റെ ഭാര്യ അൽഫിയയുടെയും ബന്ധുക്കളുടെയും കൺമുന്നിൽ തെന്മല ഡാമിനു സമീപം തിങ്കളാഴ്ച പകൽ ഒന്നിനായിരുന്നു അപകടം.
അൻസിലും അൽഫിയുമായുള്ള വിവാഹം കഴിഞ്ഞ 18നായിരുന്നു. കുടുംബാംഗങ്ങളായ പതിനൊന്നു പേർ രണ്ടു വാഹനത്തിലായി തമിഴ്നാട് ഏർവാടി പള്ളിയിൽ തീർഥാടനം കഴിഞ്ഞു മടങ്ങുംവഴിയായിരുന്നു അപകടം. കല്ലടയാറ്റിൽ തെന്മല കൊച്ചു പാലത്തിനുസമീപത്തെ കടവിൽ അൻസാർ, മകൻ അൽത്താഫ്, മരുമകൻ അൻസിൽ എന്നിവർ കുളിക്കാനിറങ്ങുകയായിരുന്നു. അൻസാർ ആദ്യം കുളിച്ചു കരയ്ക്കു കയറി. ഇതിനിടെ അൻസിലും അൽത്താഫും കയത്തിലെ ചെളിയിൽ മുങ്ങി. ഷാളും തുണികളും വെള്ളത്തിലേക്കിട്ടു നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബഹളം കേട്ടെത്തിയ പ്രദേശവാസികളായ രണ്ടുപേർ മറുകരയിൽനിന്ന് നീന്തിയെത്തി ഇരുവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുനലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹങ്ങൾ കരുനാഗപ്പള്ളി കോഴിക്കോട് ജമാഅത്ത് പള്ളിയിലും പുത്തൻതെരുവ് പള്ളിയിലുമായി ഖബറടക്കി. അൻസിലിന്റെ സഹോദരങ്ങൾ: അസ്ലം, ആദില.