പാലക്കാട് > ആലത്തൂരില്‍ കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് സംഘമാണ് നാലു പേരെയും പിടികൂടിയത്. കുട്ടികളെ പിന്തുടര്‍ന്ന ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഈ സമയം കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തലിയിരുന്നു. ഇവര്‍ക്ക് കുട്ടികളെ കൈമാറി. ആലത്തൂര്‍ പൊലീസ് ഇറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ നിന്നാണ് ആര്‍പിഎഫ് കുട്ടികളെ തിരിച്ചറിഞ്ഞത്.
ഇവരുടെ കൈവശം ആഭരണങ്ങളും 9,100 രൂപയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം വിറ്റ് കിട്ടിയ തുകയാണ് കൈയ്യിലുള്ളത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ എന്തിനാണ് വീട് വിട്ടത് എന്നതിനെ കുറിച്ച് വൃക്തമായ വിവരം കുട്ടികള്‍ നല്‍കിയിട്ടില്ല. ഗെയിം കളിയുടെ ഭാഗമായാണ് പോയതെന്ന സംശയം ആദ്യം പൊലീസിന് ഉണ്ടായിരുന്നെങ്കിലും പ്രണയനൈരാശ്യമാണോ നാടുവിടലിന് കാരണമെന്നും പരിശോധിക്കുന്നുണ്ട്. കുട്ടികളെ വീടുകളില്‍ എത്തിച്ച ശേഷം കൗണ്‍സിലിങ് നല്‍കും. ഇതിന് ശേഷം മാത്രമേ വീട് വിടാനുള്ള കാരണം വൃക്തമാവുകയുള്ളു.
14 വയസുള്ള കുട്ടികളെ അഞ്ച് ദിവസം മുമ്പാണ് കാണാതായത്. ഇരട്ട സഹോദരിമാരും, രണ്ട് ആണ്‍കുട്ടികളുമായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് നാല് പേരും. കുട്ടികള്‍ക്കായി തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കുട്ടികള്‍ ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. കുട്ടികളെ കോയമ്പത്തൂരില്‍ നിന്ന് രാത്രി തിരിച്ചെത്തിച്ച് വീടുകളിലെത്തിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കും. ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃതത്തില്‍ മൂന്ന് സംഘമായി തിരിഞ്ഞാണ് ആറ് ദിവസമായി വിശ്രമമില്ലാതെ അന്വേഷിച്ചത്.