ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ സി.പി.എം പരസ്യമായി ശാസിച്ചതിൽ ഒരു വിഷമവുമില്ലെന്ന് സംസ്ഥാന കമ്മറ്റി അംഗം ജി. സുധാകരൻ. സംസ്ഥാന കമ്മറ്റി യോഗം കഴിഞ്ഞ് കരുത്തനായി തന്നെയാണ് തിരിച്ചെത്തിയത്. ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നതെന്നും സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്തയാളാണ് താനെന്നും ജി. സുധാകരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും അങ്ങോട്ട് ചെന്ന് കാണുകയായിരുന്നു. ആലപ്പുഴയിലെ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യമാണ് സംസാരിച്ചത്. കമ്മ്യൂണിസ്റ്റുകാർ പൊതുവെ മനസ്സിലുള്ളത് തുറന്നുപറയാറുണ്ട്. അറിവില്ലാത്തവരും തെറ്റായി ചിന്തിക്കുന്നവരും അഴിമതിക്കാരും എല്ലാമുള്ള സമൂഹമാണിത്. അതിന്റെ തുടർച്ചകൾ പലസ്ഥലത്തും കാണും. അത്തരക്കാരെ ഗൗനിക്കേണ്ടതില്ല. പാർട്ടി കൂടെയുള്ളതിനാൽ ഒറ്റപ്പെടുന്നതായി തോന്നിയിട്ടില്ല.
പാർട്ടിയിലെ തന്റെ സ്വാധീനം കൂടുന്നോ കുറയുന്നോ ഇല്ല. മറിച്ചുള്ള വാർത്തകളൊക്കെ തെറ്റാണ്. ഒറ്റപ്പെടുന്നു എന്നതൊക്കെ ബൂർഷ്വാ പ്രയോഗമാണ്. പാർട്ടിയെടുത്ത എല്ലാ തീരുമാനങ്ങളോടും നൂറ് ശതമാനം യോജിപ്പാണ് തോന്നിയിട്ടുള്ളത്. പാർട്ടിക്ക് അതീതരായി ആരുമില്ല എന്നത് പാർട്ടി ഭരണഘടനയിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. തനിക്കുള്ള നടപടി മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണ് എന്നൊന്നും പറയുന്നതിൽ അർഥമില്ല.
ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നത്. ഒരു സ്ഥാനമാനത്തിനുവേണ്ടിയും നാളിതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് അംഗത്വം പോലും വേണ്ടെന്ന് പറഞ്ഞയാളാണ് താൻ. പാർട്ടി നടപടികൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജി. സുധാകരൻ പറഞ്ഞു.
Content Highlights: G Sudhakaran, CPIM, LDF, Ambalappuzha election