കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റു മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പങ്കെടുക്കും. തലസ്ഥാനത്തിനു പുറമെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അതതു ഡിസിസികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. എന്നാൽ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും 15 മിനിട്ട് മാത്രമാണ് റോഡ് തടയുകയെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. 11 മണിയ്ക്ക് തുടങ്ങുന്ന സമരം 11.15ന് അവസാനിക്കും. കൊച്ചിയിൽ ദേശീയപാത ബൈപ്പാസ് തടഞ്ഞു നടത്തിയ സമരം വിവാദമായ പശ്ചാത്തലത്തിലാണ് സമരം 15 മിനിട്ടിൽ ഒതുക്കാനുള്ള കോൺഗ്രസ് തീരുമാനം.
Also Read:
കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചിരുന്നു. എന്നാൽ ഇതിന് ആനുപാതികമായ ചെറിയ കുറവ് മാത്രമാണ് സംസ്ഥാന നികുതിയിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ സംസ്ഥാനവും നികുതി വെട്ടിക്കുറയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിയ ചെറുസമരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറയ്ക്കാൻ കാരണമെന്ന് അവകാശപ്പെട്ട കെ സുധാകരൻ സംസ്ഥാനം നികുതി കുറച്ചില്ലെങ്കിൽ പ്രതിഷേധം സംസ്ഥാന സര്‍ക്കാരിനു നേര്‍ക്ക് തിരിക്കുമെന്നും അറിയിച്ചിരുന്നു.
ഇന്ധനനികുതിയിനത്തിൽ 18,355 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചതെന്നും കേന്ദ്രത്തിൽ ബിജെപി സര്‍ക്കാര്‍ നികുതി കൂട്ടിയപ്പോള്‍ അതിനൊപ്പം നികുതി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരും കൊള്ളമുതലിൻ്റെ പങ്കുപറ്റിയെന്ന് സുധാകരൻ ആരോപിച്ചു. അധികാരം ഇവരെ മത്തുപിടിപ്പിച്ചെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.
Also Read:
കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇന്ധനവില വര്‍ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരം ചെറിയ സംഘര്‍ഷത്തിൽ കലാശിച്ചിരുന്നു. അര മണിക്കൂറോളം കോൺഗ്രസ് നേതാക്കള്‍ ദേശീയപാത ഉപരോധിച്ചതോടെ വൈറ്റില മുതൽ പാലാരിവട്ടം വരെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോര്‍ജ് കോൺഗ്രസ് നേതാക്കളെ സമീപിച്ചതോടെ നടനും കോൺഗ്രസ് പ്രവര്‍ത്തകരും തമ്മിൽ വാക്കേറ്റമായി. തുടര്‍ന്ന് ജോജുവിൻ്റെ കാറും തകര്‍ക്കപ്പെട്ടു. ഈ കേസിൽ കോൺഗ്രസ് നേതാക്കളടക്കം പ്രതികളാണ്. കേസ് ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും നടൻ ജോജു മുന്നോട്ടു വെച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. എന്നാൽ ഒത്തുതീർപ്പ് പരാജയപ്പെട്ടതിനു പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ് ആരോപണം.