പത്തനംതിട്ട
ശബരിമല തീർഥാടനത്തിന് ഒരുക്കം പൂർത്തിയാകുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. അപ്പം, അരവണ നിർമാണത്തിന് നടപടികളായി. പൊതുമരാമത്ത്, ജല വിഭവം, വൈദ്യുതി, വനം വകുപ്പുകളുടെ സംയുക്ത പ്രവർത്തനം അതിവേഗത്തിലാണ്. 15ന് വൈകീട്ട് നട തുറക്കുംമുമ്പ് എല്ലാം സജ്ജമാകും.
ഉത്സവകാലത്ത് സന്നിധാനത്തും പമ്പയിലും വേണ്ട ജീവനക്കാരെ ചൊവ്വയോടെ നിയോഗിക്കും. മുന്നൂറോളം ശുചീകരണ തൊഴിലാളികളുമുണ്ടാകും. അറ്റകുറ്റപ്പണികൾ മൂന്നു ദിവസത്തിനകം പൂർത്തിയാകും. മന്ത്രിമാർ പങ്കെടുത്ത അവലോകന യോഗം ചേർന്നു. ഒരുക്കം വിലയിരുത്താൻ മുഖ്യമന്ത്രി പ്രത്യേകം യോഗം വിളിച്ചു. കോവിഡ് മുൻകരുതലും എടുക്കുന്നുണ്ട്. തീർഥാടകർക്ക് സുരക്ഷ ഒരുക്കും.
കുടിവെള്ളത്തിന് കിയോസ്കുകൾ നിലവിലുണ്ട്. കൂടുതൽ വേണമെങ്കിൽ സ്ഥാപിക്കും. വെർച്ച്വൽ ക്യൂ വിഷയത്തിൽ ഹൈക്കോടതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് നടപടി സ്വീകരിക്കുമെന്നും എൻ വാസു പറഞ്ഞു.