പാലക്കാട് > മുണ്ടൂര്‍ മന്ദത്ത് കാവില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി വസീം (22) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ഒരാളടക്കം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
സി കെ ഫര്‍ണീച്ചര്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ഇതേ സ്ഥാപനത്തിലെ ജോലിക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി വാജിദ് എന്നയാളാണ് വസീമിനെ കുത്തി കൊലപ്പെടുത്തിയത്. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം തടയാന്‍ ശ്രമിച്ച മറ്റ് രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വാജിദിനെയും വാസിമിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വസീമിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.