കൊച്ചി: മുല്ലപ്പെരിയാർ ഡാം പരിസരത്ത് തമിഴ്നാടിന് മരം മുറിക്കാൻ അനുവാദം നൽകിയതിൽ വിമർശനവുമായി എൻ.സി.പി. സംസ്ഥാന സർക്കാരിനെതിരേയാണ് എൻ.സി.പി അധ്യക്ഷൻ പി.സി ചാക്കോയുടെ വിമർശനം. മരം മുറിക്കാനുള്ള അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടേയെന്നാണ് പി.സി ചാക്കോ പ്രതികരിച്ചത്. വനംവകുപ്പ് മന്ത്രി അറിയാതെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെങ്കിൽ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നുമാണ് ചാക്കോയുടെ വിമർശനം.
വകുപ്പ് മന്ത്രിയായ താൻ അറിയാതെയാണ് ഉത്തരവിറക്കിയതെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രാവിലെ പ്രതികരിച്ചിരുന്നു. മന്ത്രിപോലും അറിയാതെ ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പി.സി ചാക്കോ പ്രതികരിച്ചത്. നയപരമായ തീരുമാനമെടുക്കേണ്ട കാര്യത്തിൽ വകുപ്പ് മന്ത്രി പോലും അറിയാതെ തീരുമാനം എടുത്തത് സർക്കാരിനേയും പ്രതിരോധത്തിലാക്കുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ കോടതി പരിഗണനയിലിരിക്കുമ്പോഴാണ് മരംമുറി വിവാദം.
രാവിലെ തനിക്ക് ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി താൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചിരുന്നു. എന്നാൽ ഗൗരവസ്വഭാവമുള്ള കാര്യത്തിൽ ഇന്നലെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഇനിയും ലഭിച്ചിട്ടില്ല. തമിഴ്നാട് മരം മുറിച്ച് തുടങ്ങിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അനുമതി കൊടുത്താൽ അവർ മുറിക്കുമല്ലോ എന്നാണ് മന്ത്രി പ്രതികരിച്ചത്. ആലുവ ഗസ്റ്റ്ഹൗസിൽ എൻസിപി അധ്യക്ഷൻ പി.സി ചാക്കോയുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അതേസമയം മരംമുറിക്കൽ ഉൾപ്പെടെയുള്ള ഒരു നടപടിയും തമിഴ്നാട് ആരംഭിച്ചിട്ടില്ല. അനുമതി കിട്ടിയെന്ന് തമിഴ്നാട് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളം അനുമതി നൽകി എന്ന കാര്യവും ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിതല സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു.
Content Highlights: PC Chacko on tree cut down order forwarded by kerala government