തിരുവനന്തപുരം
പഞ്ചായത്തുകൾ സ്വന്തം ആസ്തി സ്വകാര്യമേഖലയ്ക്ക് വിറ്റഴിച്ച് വിഭവസമാഹരണം നടത്തണമെന്ന കേന്ദ്ര നിർദേശം ഗ്രാന്റ് നിർത്തലാക്കാനും സ്വകാര്യവൽക്കരണവും ലക്ഷ്യമിട്ട്.
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിലാണ് ആസ്തി വിറ്റഴിക്കൽ നിർദേശം. നിതി ആയോഗ് തയ്യാറാക്കിയ നാഷണൽ മോണിറ്റൈസേഷൻ പൈപ്ലൈനിന്റെ –(എൻഎംപി) തുടർച്ചയായാണിത്. പൊതുമേഖലാ സ്ഥാപനങ്ങളും റെയിൽവേയും വിമാനത്താവളങ്ങളുമുൾപ്പെടെ ആറ് ലക്ഷം കോടിയുടെ ആസ്തി വിറ്റഴിക്കുന്നതിന്റെ തുടർച്ചയാണ് പഞ്ചായത്തുകളുടെ ആസ്തി വിൽപ്പനാനിർദേശവും.
ഗ്രാമസഭകളെ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായെന്നുള്ള കുറിപ്പോടെ കേന്ദ്ര സെക്രട്ടറി അയച്ച സർക്കുലറിൽ ഗ്രാമസഭകൾക്കുള്ള അജൻഡകളിലൊന്നായാണ് ആസ്തികൾ വിൽക്കാനുള്ള ആവശ്യം. പഞ്ചായത്തിന്റെ കീഴിലുള്ള കളിസ്ഥലം, ഷോപ്പിങ് കോംപ്ലക്സുകൾ, ആശുപത്രികൾ, മറ്റ് ആസ്തികൾ എന്നിവ സ്വകാര്യ മേഖലയ്ക്ക് കൈമാറിയാണ് വിഭവ സമാഹരണം നടത്തേണ്ടത്. ഉടമസ്ഥാവകാശം കൈമാറാതെ കരാർ വ്യവസ്ഥയിൽ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറി അടിസ്ഥാന സൗകര്യ വികസന ഫണ്ട് കണ്ടെത്തണമെന്നാണ് നിതി ആയോഗിന്റെ മാർഗരേഖയും പറയുന്നത്.
തനത് ഫണ്ടിനും സംസ്ഥാന ബജറ്റ് വിഹിതത്തിനുമൊപ്പം കേന്ദ്ര ധനകമീഷൻ ഗ്രാന്റുകളെ ആശ്രയിച്ചാണ് പഞ്ചായത്തുകളുടെ പ്രവർത്തനം.
ഭാവിയിൽ കേന്ദ്ര ഫണ്ട് ഇല്ലാതാക്കുമെന്ന സൂചന കൂടിയാണിത്. സർക്കാർ നിയന്ത്രണവും പൊതു ഉടമസ്ഥതയ്ക്കും പകരം എല്ലാ സ്വകാര്യമേഖലയ്ക്ക് തീറെഴുതുക എന്ന നയത്തിന്റെ ഭാഗമാണ് പുതിയ നിർദേശവും.
കേന്ദ്ര സർക്കാരിന്റെ വിവാദ നിർദേശം പിൻവലിക്കണമെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കാൻ രാജ്യത്തിന്റെ ഹൃദയങ്ങളായ ഗ്രാമപഞ്ചായത്തുകളെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.