തിരുവനന്തപുരം
കോൺഗ്രസ് തുടങ്ങിവച്ചതും ബിജെപി ശക്തമായി നടപ്പാക്കിയതുമായ നയമാണ് രാജ്യത്തെ ഇന്ധനവില കടിഞ്ഞാണില്ലാതെ ഉയർത്തിയത്. യുപിഎ കാലംവരെ വിലനിർണയാവകാശം കേന്ദ്ര സർക്കാരിനായിരുന്നു. അസംസ്കൃത എണ്ണയുടെ വിലയിലുള്ള വ്യത്യാസത്തിന് അനുസരിച്ച് ഇന്ധനവിലയിലുള്ള മാറ്റം സർക്കാർ നിയന്ത്രിച്ചു. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ ഓയിൽപൂൾ അക്കൗണ്ടിൽനിന്ന് സബ്സിഡിയും അനുവദിച്ചു. അസംസ്കൃത എണ്ണ ഉൽപ്പാദന, സംസ്കരണ കമ്പനികളുടെ ലാഭത്തിന്റെ ഭാഗവും കേന്ദ്ര സർക്കാർ പിരിക്കുന്ന നികുതിയുടെ വിഹിതവും ഈ അക്കൗണ്ടിൽ സൂക്ഷിച്ചു. യുപിഎ സർക്കാർ ഈ രീതി മാറ്റി. വിലനിർണയാവകാശം എണ്ണക്കമ്പനികൾക്ക് നൽകി.
റിലയൻസ് ഗുജറാത്തിൽ വലിയ എണ്ണശുദ്ധീകരണശാല സ്ഥാപിച്ചശേഷമായിരുന്നു നയമാറ്റം. ഓയിൽപൂൾ അക്കൗണ്ടിൽനിന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സഹായം സ്വകാര്യകമ്പനികൾക്ക് ഇല്ല. കേന്ദ്ര സർക്കാർ വിവേചനം കാട്ടുന്നുവെന്ന് അന്താരാഷ്ട്ര ഊർജ കമീഷനിൽ റിലയൻസ് പരാതിപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് എണ്ണക്കമ്പനികൾക്ക് വിലനിർണയാവകാശം വിട്ടുനൽകാൻ മൻമോഹൻ സിങ് സർക്കാർ തീരുമാനിച്ചത്. അസംസ്കൃത എണ്ണയുടെ വിലയ്ക്ക് ആനുപാതികമായി ഇന്ധനവിലയിലും വ്യത്യാസമുണ്ടാകുമെന്ന ന്യായവും പറഞ്ഞു. പിന്നീട് അധികാരത്തിൽ എത്തിയ ബിജെപി അസംസ്കൃത എണ്ണയുടെ വില കുറഞ്ഞപ്പോഴെല്ലാം നികുതി ഉയർത്തി. സെസും പ്രത്യേക നികുതിയും കൊണ്ടുവരികയും അനിയന്ത്രിതമായി വർധിപ്പിക്കുകയും ചെയ്തു. അസംസ്കൃത എണ്ണവില കുറഞ്ഞാലും പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരാത്ത രീതിയിലാണ് സെസും പ്രത്യേക നികുതിയും വർധിപ്പിച്ചത്. അതിനാൽ, എപ്പോഴും വില ഉയർന്നുനിന്നു.
കോവിഡ് പ്രതിസന്ധി നീങ്ങിയതോടെ ലോകത്ത് എണ്ണയുടെ ഉപയോഗവും വിലയും ഉയർന്നു. ഈ സമയത്തും ഇന്ധന നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ജിഎസ്ടിയിൽ കേന്ദ്രത്തിന് മടി
ജിഎസ്ടിയിലേക്ക് പെട്രോൾ, ഡീസൽ നികുതി കൊണ്ടുവരാൻ തയ്യാറല്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽത്തന്നെ വ്യക്തമാക്കി. നികുതി കുറയ്ക്കേണ്ടിവരുമെന്നതാണ് പ്രശ്നം. നിരക്കുകൂട്ടി ജിഎസ്ടി നടപ്പാക്കാമെന്ന ആശയത്തോടും കേന്ദ്രത്തിന് യോജിപ്പില്ല. ഇന്ധനവിലയുടെ പാപഭാരം സംസ്ഥാനങ്ങളുടെ ചുമലിൽ വയ്ക്കാനുള്ള നീക്കത്തിൽ ജിഎസ്ടി കൗൺസിലിൽ ചർച്ച നടത്തി തടിയൂരി. ഇത് മറച്ചുവച്ചാണ് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർടികൾ കേരളത്തിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത്.