തിരുവനന്തപുരം
കോവിഡ് പ്രതിസന്ധിക്കിടയിലും പത്തുവർഷത്തിനുശേഷം പ്രവർത്തന ലാഭത്തിലേക്ക് കേരള ടെക്സ്റ്റൈൽ കോർപറേഷൻ. 2020ൽ എട്ട് കോടി രൂപ കോർപറേഷന് നഷ്ടം നേരിട്ടിരുന്നുവെങ്കിൽ ഒക്ടോബറിലത് 83,000 രൂപയാക്കി. നവംബറിൽ പ്രവർത്തനലാഭം നേടുമെന്ന് വ്യവസായമന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. അടഞ്ഞുകിടക്കുന്ന കോട്ടയം ടെക്സ്റ്റൈൽസ് 15ന് തുറന്ന് പ്രവർത്തിപ്പിക്കാനും തീരുമാനിച്ചു. ഏഴ് യൂണിറ്റാണ് കോർപറേഷന് കീഴിലുള്ളത്. കോവിഡ് സാഹചര്യങ്ങളിൽ ഈ സാമ്പത്തികവർഷം നാല് മാസമാണ് സാധാരണനിലയിൽ പ്രവർത്തിച്ചത്.
യൂണിറ്റുകളുടെ ശേഷി വിനിയോഗം, ഉൽപ്പാദനം, വിൽപ്പന എന്നിങ്ങനെ എല്ലാ മേഖലയിലും മികച്ച പ്രകടനമാണ് കോർപറേഷന്റേത്. യൂണിറ്റുകളുടെ ശേഷി വിനിയോഗത്തിൽ 86 ശതമാനം ഒക്ടോബറിൽ കൈവരിച്ചു. ഉൽപ്പാദനത്തിൽ 114 ശതമാനം വർധനയാണ് നടപ്പുവർഷം നേടിയത്. 19.73 ലക്ഷം കിലോ നൂൽ ഉൽപ്പാദിപ്പിച്ചു. 53.42 കോടി രൂപയുടെ വിൽപ്പന നടത്തി. ഈ വർഷം 120 കോടി രൂപയുടെ വിൽപ്പന സാധ്യമാക്കാനാണ് ശ്രമം.