കൊച്ചി
ദേശീയപാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒരു കോൺഗ്രസ് നേതാവുകൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് തൃക്കാക്കര മണ്ഡലം മുൻ പ്രസിഡന്റ് കാക്കനാട് കളപ്പുരയ്ക്കൽ കെ ബി ഷെരീഫാണ് (ഷെരീഫ് വാഴക്കാല–-52) അറസ്റ്റിലായത്. ശനി പുലർച്ചെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ, പനങ്ങാട് പൊലീസ് സ്റ്റേഷനിൽ പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതേ കേസിൽ റിമാൻഡിലുള്ള വൈറ്റിലയിലെ ഐഎൻടിയുസി യൂണിറ്റ് കൺവീനർ പി ജി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മറ്റു പ്രതികളായ മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ ആറുപേർ ഒളിവിലാണ്.
ആദ്യം അറസ്റ്റിലായ പി ജി ജോസഫിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം തന്റെ ഭാഗംകൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ജോജു നൽകിയ ഹർജി കോടതി അംഗീകരിച്ചിട്ടുണ്ട്. ജോജു ജോർജിനുനേരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും പ്രതിഷേധിക്കുന്നവർക്കെതിരെ ആക്രമണം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ കോടതി വ്യക്തമാക്കി. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് 10 കോൺഗ്രസുകാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ജോജുവിനുപിന്നിൽ ഗൂഢശക്തികളെന്ന് ഡിസിസി പ്രസിഡന്റും എംഎൽഎയും
കാർ തകർത്ത കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമം പാളിയതോടെ നടൻ ജോജു ജോർജിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ വീണ്ടും രംഗത്ത്. ഒത്തുതീർപ്പുശ്രമത്തിൽനിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഐ എമ്മാണെന്ന ആരോപണവുമായി ശനിയാഴ്ച ആദ്യം രംഗത്തുവന്നത് കെ ബാബു എംഎൽഎയാണ്. ജോജു സദാചാര പൊലീസ് ചമയുകയാണെന്നും മാസ്ക് ധരിക്കാത്ത ജോജുവിനെതിരെ കേസെടുക്കണമെന്നും ബാബു ആവശ്യപ്പെട്ടു. ജോജുവിനെതിരെ ഫെയ്സ്ബുക് കുറിപ്പുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തെത്തി. ജോജു ഒത്തുതീർപ്പിന് സമ്മതിച്ചതാണെന്നും അതിനുശേഷം ചില ഗൂഢശക്തികൾ അദ്ദേഹത്തിനുപിന്നിൽ അവതരിച്ച് കാര്യങ്ങൾ അട്ടിമറിച്ചെന്നുമാണ് എഫ്ബി കുറിപ്പിലെ ആരോപണം. ‘നടൻ’ ഇപ്പോൾ മേൽപ്പറഞ്ഞ ശക്തികളുടെ തിരക്കഥയിൽ അഭിനയിക്കുകയാണെന്നും ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ തന്റെ ഭാഗംകൂടി കേൾക്കണമെന്ന് ജോജു ഹർജി നൽകിയതോടെയാണ് കോൺഗ്രസ് നേതാക്കൾ വീണ്ടും ആരോപണം തുടങ്ങിയത്. കേസ് നിയമപരമായി നേരിടുമെന്നും ജയിലിൽ പോകുമെന്നും ആദ്യദിവസങ്ങളിൽ പറഞ്ഞ നേതാക്കൾ, ജോജുവിനെ സമ്മർദത്തിലാക്കാൻ വാഹനത്തിന്റെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് മാറ്റിയെന്നും മറ്റൊരു വാഹനത്തിന്റെ രജിസ്ട്രേഷൻ ഹരിയാനയിലാണെന്നും മോട്ടോർ വാഹനവകുപ്പിൽ പരാതി കൊടുപ്പിക്കുകയും ചെയ്തു. എന്നാൽ, കേസിലെ ആദ്യപ്രതി ഐഎൻടിയുസി നേതാവ് അറസ്റ്റിലാകുകയും മുൻ മേയർ ഉൾപ്പെടെയുള്ളവർ ഒളിവിലാകുകയും ചെയ്തതോടെ വി ഡി സതീശൻ മുൻകൈയെടുത്ത് ഒത്തുതീർപ്പിന് ശ്രമം തുടങ്ങി. എന്നാൽ, കോൺഗ്രസ് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും തനിക്കെതിരായ കള്ളപ്പരാതികൾ പിൻവലിക്കുകയും ചെയ്തശേഷം ചർച്ചയാകാമെന്ന് ജോജു സുഹൃത്തുക്കളും അഭിഭാഷകനുംവഴി അറിയിച്ചതോടെ കോൺഗ്രസ് വീണ്ടും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.