മികച്ച മന്ത്രി, സംഘാടകൻ, ആലപ്പുഴയിലെ പാർട്ടിയുടെ അതികായൻ. കൈകാര്യം ചെയ്ത വകുപ്പുകളിൽ എതിരാളികൾ പോലും കുറ്റം പറയാത്ത കണിശത. സി.പി.എമ്മിന്റെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ ജി. സുധാകരന് വിശേഷണങ്ങൾ ഏറെയുണ്ട്. എന്നിട്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സി.പി.എം. സുധാകരന് എതിരെ പാർട്ടി നടപടി കൈക്കൊണ്ടിരിക്കുന്നു. അതും മണ്ഡലത്തിലെ തോൽവിയുടെ പേരിലല്ല, ഭൂരിപക്ഷം കുറഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ച്.
താക്കീത്, ശാസന, പരസ്യ ശാസന, തരംതാഴ്ത്തൽ, സസ്പെൻഷൻ, അംഗത്വത്തിൽനിന്ന് പുറത്താക്കൽ എന്നിങ്ങനെയാണ് സി.പി.എമ്മിലെ അച്ചടക്ക നടപടിയുടെ ആരോഹണക്രമം. ഇതിൽ പരസ്യശാസനയാണ് അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വീഴ്ച എന്ന കുറ്റത്തിന് സുധാകരന് പാർട്ടി വിധിച്ചത്. ഇത് രണ്ടാംവട്ടമാണ് സുധാകരനെതിരെ സി.പി.എം. നടപടി എടുക്കുന്നത്. 2002-ൽ സംസ്ഥാന സമിതിയിൽനിന്ന് തരംതാഴ്ത്തിയിരുന്നു.
വിദ്യാർഥിയായിരിക്കെയാണ് സുധാകരൻ പാർട്ടിയോട് അടുക്കുന്നത്, 1967-ൽ സി.പി.എമ്മിൽ അംഗമായി. കേരള സ്റ്റുഡന്റ് ഫെഡറേഷൻ(എസ്.എഫ്.ഐയുടെ പൂർവരൂപം) സംസ്ഥാന ജോയന്റ് സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് 1971-ൽ എസ്.എഫ്.ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടി.യുവിലും സുധാകരൻ സജീവമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് സെക്രട്ടേറിയേറ്റിലേക്ക് സുധാകരൻ വിദ്യാർഥി ജാഥ നയിച്ചിരുന്നു. തുടർന്ന് അറസ്റ്റിലാവുകയും മർദനമേൽക്കുകയും ചെയ്തു. മൂന്നുമാസം ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
വിദ്യാർഥി പ്രക്ഷോഭങ്ങൾ, കശുവണ്ടി തൊഴിലാളി സമരങ്ങൾ, എൻ.ജി.ഒ. അധ്യാപക സമരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.1996-ൽ കായംകുളത്തുനിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. തുടർന്ന് 2006-ലും 2016-ലും അമ്പലപ്പുഴയിൽനിന്നും എം.എൽ.എയായി. ദേവസ്വം വകുപ്പ്, സഹകരണം, കയർ, പൊതുമരാമത്ത്, രജിസ്ട്രഷൻ വകുപ്പുകളുടെ ചുമതല വിവിധ കാലങ്ങളിൽ വഹിച്ചിട്ടുണ്ട്.
അഴിമതിയില്ല, വിവാദമേറെ
അഴിമതിയുടെ കറ അൽപം പോലും പുരളാത്ത പൊതുപ്രവർത്തകനാണ് സുധാകരൻ. എങ്കിലും വാക്കിലും കവിതകളിൽക്കൂടിയും ഇടയ്ക്കിടെ വിവാദങ്ങളിൽ കുടുങ്ങാറുണ്ടുതാനും. മികച്ച വായനക്കാരനായ സുധാകരൻ, നിയമസഭയിൽ നടത്തുന്ന പ്രസംഗങ്ങളിൽ ക്ലാസിക്കുകളിൽനിന്നുള്ള ഉദ്ധരണികളും പ്രയോഗിക്കാറുണ്ട്. എന്നാൽ സഭയ്ക്കു പുറത്ത് കൊഞ്ഞാണന്മാർ എന്ന പ്രയോഗം നടത്താൻ അദ്ദേഹം മടിച്ചതുമില്ല. രാഷ്ട്രീയ എതിരാളികളും സാമുദായിക നേതാക്കളുമൊക്കെ സുധാകരന്റെ നാവിന്റെ മൂർച്ച പലവട്ടം അറിഞ്ഞിട്ടുണ്ട്. പൂജാരിമാർ അടിവസ്ത്രം ധരിക്കാറില്ലെന്ന് തുടങ്ങി അരൂരിലെ സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേനടത്തിയ പൂതനാ പരാമർശം വരെ ഇതിൽ ചിലതു മാത്രം.
നേട്ടവും കോട്ടവും!
അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച ആരോപിച്ച് എച്ച്. സലാം പാർട്ടിക്ക് പരാതി നൽകിയതിന് പിന്നാലെ, കലാകൗമുദി ആഴ്ചപ്പതിപ്പിൽ സുധാകരന്റേതായി കവിത പുറത്തെത്തിയിരുന്നു. നേട്ടവും കോട്ടവും എന്നായിരുന്നു തലക്കെട്ട്.
ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ-
പണികളൊക്കെ നടത്തി ഞാനെന്റെയീ
മഹിത ജീവിതം സാമൂഹ്യമായെന്നു
പറയും സ്നേഹിതർ സത്യമതെങ്കിലും
വഴുതിമാറും മഹാനിമിഷങ്ങളിൽ
മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞുപോയ്
അവകളൊന്നുമേ തിരികെ വരാനില്ല
പുതിയ രൂപത്തിൽ വന്നാൽ വന്നെന്നുമാം!-
എന്ന വരികൾ പറയേണ്ടതൊക്കെ വ്യക്തമായി പറഞ്ഞു (ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും).
സുധാകരന്റെ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ എളമരം കരീം, കെ.ജെ. തോമസ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെയൊണ് സി.പി.എം. നിയോഗിച്ചത്. സ്വന്തം തട്ടകത്തിൽ, പകരക്കാരനായി പാർട്ടി കണ്ടെത്തിയ എച്ച്, സലാമിനെ പിന്തുണച്ചില്ല, മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കാൻ സഹായിച്ചില്ല, സലാമിനെതിരെ നടന്ന പ്രചാരണങ്ങളിൽ മൗനം തുടങ്ങിയ ആരോപണങ്ങളാണ് സത്യമാണെന്ന് കമ്മിറ്റി റിപ്പോർട്ടിലൂടെ കണ്ടെത്തിയത്.
content highlights:cpm takes action against g sudhakaran