കോട്ടയം > ജാതിവിവേചനം, മാനസിക പീഡനം എന്നിവ സംബന്ധിച്ച് ഗവേഷണ വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയില്‍നിന്ന് ഡോ. നന്ദകുമാര്‍ കളരിക്കലിനെ നീക്കി. ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി വിഭാഗത്തിന്റെ ഓണററി ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് ഡോ. നന്ദകുമാറിനെ നീക്കിയത്. വൈസ് ചാന്‍സലര്‍ നേരിട്ട് സെന്ററിന്റെ ചുമതല ഏറ്റെടുക്കും. വിദ്യാര്‍ഥിനിക്ക് ഗവേഷണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാനും വിഷയം പരിഹരിക്കാന്‍ രൂപീകരിച്ച ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഫീസ് ഒഴിവാക്കും. ഹോസ്റ്റല്‍ സൗകര്യം, ലബോറട്ടറി സൗകര്യം എന്നിവ നല്‍കും. പുതിയ ഗൈഡിനെ അനുവദിക്കും.
ഗവേഷണ വിദ്യാര്‍ഥിനിയായ ദീപ പി മോഹനാണ് ഗവേഷണ കേന്ദ്രം മേധാവിയായ ഡോ. നന്ദകുമാര്‍ കളരിക്കലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തുടര്‍ന്ന് നടപടിയാവശ്യപ്പെട്ട് സര്‍വകലാശാലയില്‍ നിരാഹാര സമരവും ആരംഭിച്ചു. ദീപ പി മോഹന്റെ പരാതിയില്‍ സര്‍വകലാശാല തെളിവെടുപ്പ് നടത്തിയിരുന്നു. പരാതികള്‍ പൊലീസിനും കൈമാറി. വിഷയത്തില്‍ സമരം ചെയ്യുന്ന ഭീം ആര്‍മിയുമായും വിദ്യാര്‍ഥിനിയുമായും കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തില്‍ ചര്ച്ചവച്ചിരുന്നു. പക്ഷേ ഇവര്‍ ചര്‍ച്ച ബഹിഷ്കരിച്ചു. വിദ്യാര്‍ഥിനിക്ക് ഗവേഷണത്തിനുള്ള സൗരക്യമെല്ലാം സര്‍വകലാശാല ചെയ്ത് നല്കിയിട്ടുള്ളതായി ബോധ്യമായിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധ്യാപകനെതിരെ നടപടി വേണമെന്ന നിലപാടില്‍ വിദ്യാര്‍ഥിനി ഉറച്ചുനിന്നതോടെയാണ് നാനോ സെന്ററിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നന്ദകുമാറിനെ നീക്കിയത്.
അതേസമയം, നിലവിലെ തീരുമാനം തൃപ്തികരമല്ലെന്ന് ദീപ പി മോഹന്‍ പ്രതികരിച്ചു. നന്ദകുമാറിനെ പുറത്താക്കണമെന്നാണ് ആവശ്യം. സര്‍ക്കാരിനോട് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. ഉന്നതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടരുമെന്നും ദീപ അറിയിച്ചു.