കൊച്ചി- > ദുല്‍ഖര്‍ സല്മാന് സുകുമാരക്കുറുപ്പിന്റെ വേഷത്തിലെത്തുന്ന ‘കുറുപ്പ്’ 12ന് തിയറ്ററിലെത്തും. 450 സ്ക്രീനുകളിലാണ് പ്രദര്‍ശനം. ഒടിടി റിലീസിനൊരുങ്ങിയ ചിത്രം മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമാണ് തിയറ്ററില്‍ എത്തുന്നത്. ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ദുല്‍ഖര്‍ സല്മാന് ചിത്രമാണിത്. ഇന്നത്തെ സാഹചര്യത്തില്‍ സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണെങ്കിലും പ്രേക്ഷകരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഏറ്റെടുക്കുകയാണെന്ന് നിര്‍മാതാക്കളായ ദുല്‍ഖര്‍ സല്‍മാനും അനീഷ് മോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിയറ്റര്‍ റിലീസിനാണ് എല്ലാവരും വലിയ സിനിമകള്‍ എടുക്കുന്നതെന്നും ഒടിടി റിലീസ് ചെയ്യാനൊരുങ്ങുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകുമെന്നും ദുല്‍ഖര്‍ പറഞ്ഞു. രണ്ടുവര്‍ഷമായി സിനിമ റിലീസ് ചെയ്യാനാകാതിരുന്നത് പണമിറക്കിയവര്‍ക്ക് അധികബാധ്യതയുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ മികച്ച ഓഫര്‍ സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ഭാവിയില്‍ ഒടിടി റിലീസുകള്‍ അനിവാര്യമാണ്. തിയറ്ററുകള്‍ തുറക്കുമ്പോള്‍ പ്രദര്‍ശനത്തിന് കാത്തിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. വലിയ ക്യാന്‍വാസില്‍ ഒരുക്കിയ ‘കുറുപ്പ്’ തിയറ്ററില്‍ത്തന്നെ പ്രേക്ഷകര്‍ ആസ്വദിക്കണമെന്ന് തുടക്കംമുതല്‍ ആഗ്രഹിച്ചിരുന്നതായും ദുല്‍ഖര്‍ പറഞ്ഞു.
‘കുറുപ്പി’ന് തിയറ്ററുകള്‍ രണ്ടാഴ്ച ഫ്രീ റണ്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. ഒരു ഉപാധികളും മുന്നോട്ടുവയ്ക്കാതെയാണ് ‘കുറുപ്പി’ന്റെ നിര്‍മാതാക്കള്‍ തിയറ്റര്‍ റിലീസിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബവുമായി സിനിമയ്ക്കുമുമ്പും ശേഷവും സംസാരിച്ച്, അനുമതി വാങ്ങിയിരുന്നെന്നും സംവിധായകന് ശ്രീനാഥ് രാജേന്ദ്രന് പറഞ്ഞു. ചാക്കോയുടെ മകന് സിനിമ കണ്ട് സംതൃപ്തി പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ഫിയോക് സെക്രട്ടറി സുമേഷ് ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.