അങ്കമാലി > അങ്കമാലി മൂക്കന്നൂർ കാരമറ്റം ഭാഗത്ത് ഇടതുകര കനാലിൽ രണ്ടുപേർ ഷോക്കേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാരമറ്റം മൂത്തേടൻവീട്ടിൽ ബേബി (41), പാലിശേരി ചിറ്റിനപ്പിള്ളിവീട്ടിൽ ജിജോ (43)എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. മീൻ പിടിക്കാൻ പോയ കാരമറ്റം സ്വദേശികളായ സനൽ (32), തോമസ് (50) എന്നിവരുടെ മൃതദേഹം ഒക്ടോബർ 24ന് രാത്രിയാണ് കനാലിൽ കണ്ടെത്തിയത്.
അസ്വാഭാവികമരണത്തിന് കേസെടുത്ത പൊലീസ്, എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കാട്ടുപന്നിയെ പിടിക്കുന്നതിന് ബേബിയും ജിജോയും അനധികൃതമായി നിർമിച്ച വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റാണ് സനലും തോമസും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കനാലിൽ മരക്കുറ്റി അടിച്ച് കമ്പി വലിച്ചുകെട്ടി അതിലേക്ക് വൈദ്യുതിലൈനിൽനിന്ന് നേരിട്ട് കണക്ഷൻ കൊടുത്താണ് കെണി ഒരുക്കിയിരുന്നത്. വൈകിട്ട് കണക്ഷൻ നൽകുകയും പുലർച്ചെ വിച്ഛേദിക്കുകയുമാണ് പതിവ്. കണക്ഷൻ കൊടുത്ത വയറും കമ്പിയും മറ്റും പൊലീസ് കണ്ടെടുത്തു.
അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, സബ് ഇൻസ്പെക്ടർ മാർട്ടിൻ ജോൺ, എഎസ്ഐമാരായ റെജിമോൻ, പി വി ജോർജ് എന്നിവരും അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നു.