ഒടുവിൽ ജി. സുധാകരനെതിരെ സി.പി.എം അച്ചടക്ക നടപടി എടുത്തിരിക്കുന്നു. പാർട്ടി സംഘടനാ നടപടികളിൽ മൂന്നാമത്തെ നടപടിയായ പരസ്യ ശാസനയാണ് സി.പി.എം. ആലപ്പുഴയിലെ കരുത്തനായ നേതാവിനെതിരേ സ്വീകരിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ ലളിതമെന്ന് തോന്നാമെങ്കിലും സി.പി.എം ലെനിനിസ്റ്റ് സംഘടനാ രീതിയിൽ പരസ്യമായ ശാസനയെന്നത് ഗൗരവമായ സംഘടനാ നടപടി തന്നെയാണ്. പ്രത്യേകിച്ചും ജി. സുധാകരനെ പോലെ പാർട്ടി ജീവിതമായി കാണുന്ന ഒരു നേതാവിന്.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സംഭവിച്ച തിരഞ്ഞെടുപ്പ് വീഴ്ചയാണ് ജി. സുധാകരനെതിരായനടപടിയിൽ കലാശിച്ചിരിക്കുന്നത്. വിഷയം അന്വേഷിച്ച പാർട്ടി കമ്മീഷൻ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന ഏക നേതാവും സുധാകരനായിരുന്നു. വീഴ്ചകൾ സുധാകരന്റെ മാത്രമായി കാണുന്നില്ലെന്ന് കമ്മീഷൻ പറയുന്നുണ്ടെങ്കിലും വീഴ്ച വീഴ്ച തന്നെയായിരുന്നു. ശാസന പരസ്യമായതിനാൽ സംസ്ഥാന സെക്രട്ടറി നടപടി മാധ്യമങ്ങളെ അറിയിക്കും. കീഴ്ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യും. സംസ്ഥാന കമ്മിറ്റിക്ക് ശേഷം പുറത്തിറങ്ങിയ സുധാകരന്റെ നടപടികൾ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു. മാധ്യമങ്ങളുടെ മൈക്ക് തട്ടിമാറ്റി കടന്നുപോയ സുധാകരൻ നടപടിയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
തിരഞ്ഞെടുപ്പിൽ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നില്ല അമ്പലപ്പുഴ. അവസാനം വരെ ജി. സുധാകരൻ തന്നെ മത്സരിക്കുമെന്നാണ് സുധാകരനും പാർട്ടി ജില്ലാ ഘടകവും കരുതിയിരുന്നത്. അവസാനം പുതിയ മാനദണ്ഡം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്ന് പറഞ്ഞ് നിലപാട് പ്രഖ്യാപിച്ചെങ്കിലും സുധാകരൻ പ്രതീക്ഷിച്ചതായിരുന്നില്ല അത്. എച്ച്. സലാം സ്ഥാനാർഥിയായി. പുറത്ത് നിന്ന് നോക്കുന്നവർക്ക് സുധാകരൻ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി നേതൃത്വം നൽകിയതായി തോന്നിയെങ്കിലും അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. തിരഞ്ഞെടുപ്പിൽ സലാം വിജയിച്ചു. സി.പി.എമ്മിന് അമ്പലപ്പുഴയേക്കാൾ വലിയ പ്രതിസന്ധികൾ സംസ്ഥാനത്തിന്റെ മറ്റ് പല മണ്ഡലങ്ങളിലും ഉണ്ടായി. പക്ഷെ അവിടെ അവസാനിച്ചില്ല കാര്യങ്ങൾ.
സീറ്റ് കിട്ടാത്തതിനേക്കാൾ കൂടുതൽ താൻ പ്രതീക്ഷിച്ചയാളായില്ല സ്ഥാനാർഥി എന്നതായിരുന്നു സുധാകരന്റെ നിസഹകരണത്തിന് കാരണമായത് എന്നതായിരുന്നു സി.പി.എം ഘടകങ്ങളിലെ ചർച്ചകൾ. പ്രചാരണ പ്രവർത്തനങ്ങൾക്കിടെ സലാമിന്റെ പാർട്ടി കൂറ് ചോദ്യം ചോയ്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും കാര്യങ്ങൾ രൂക്ഷമാക്കി. സുധാകരന്റെ നിസഹകരണവും പോസ്റ്ററുകളും സുധാകര വിരുദ്ധ പക്ഷം ചേർത്തുവായിച്ചു. പക്ഷെ പോസ്റ്റർ വിഷയം തന്റെ തലയിലിടാൻ വന്നവരോട് രൂക്ഷമായാണ് സുധാകരൻ പ്രതികരിച്ചത്.
സലാം തന്നെയാണ് സുധാകരൻ പ്രവർത്തനത്തിൽ സഹകരിച്ചില്ലെന്ന പരാതിയുമായി എത്തിയത്. ആലപ്പുഴ എം.പി.യായ എ.എം.ആരിഫ് ജി.സുധാകരന്റെ പേരുപറയാതെ വിമർശനം ഉന്നയിച്ചു. ആലപ്പുഴയിലെ ചില മണ്ഡലങ്ങളിൽ തോൽക്കുമെന്ന് ഒരു മുതിർന്ന നേതാവ് തന്നെ പ്രചരിപ്പിച്ചു. ഇത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു എന്ന പരാമർശമാണ് എ.എം.ആരിഫിൽ നിന്ന് ഉണ്ടായത്. എന്നാൽ ഈ വിമർശനങ്ങളോടൊന്നും ജി.സുധാകരൻ പ്രതികരിച്ചില്ല. എളമരം കരീം, കെ.ജെ.തോമസ് എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിഷനെ പാർട്ടി നിയോഗിച്ചു.
വിശദമായ തെളിവെടുപ്പ് നടത്തിയ കമ്മീഷന് മുന്നിൽ ആദ്യം ഹാജരായത് സുധാകരൻ തന്നെയായിരുന്നു. ആരോപണങ്ങൾ എല്ലാം തെറ്റാണെന്ന് വാദിച്ച സുധാകരൻ ഇതിനുള്ള തെളിവുകളും നിരത്തി. ആലപ്പുഴ മണ്ഡലത്തിൽ വോട്ടുചോർച്ച ഉണ്ടായപ്പോഴും അമ്പലപ്പുഴയിൽ അത് സംഭവിച്ചിട്ടില്ലെന്നതാണ് ഇതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാൽ കമ്മിഷന് മുൻപിൽ ഹാജരായ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിലെയും അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയിലെയും ഭൂരിഭാഗം അംഗങ്ങളും സുധാകരന്റെ ഭാഗത്തുനിന്ന് പ്രവർത്തനവീഴ്ചയുണ്ടായതായി നിലപാട് എടുത്തു. പരാതിക്കാരനായ അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാമും ഇതിന് ഉപോൽബലകമായ തെളിവു നൽകി. സജീവമായി പ്രവർത്തിച്ചില്ലെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പിന് ആവശ്യമായ ഫണ്ട് അടക്കം നൽകിയില്ലെന്നും ആരോപണമുന്നയിച്ചു.
തോമസ് ഐസക്കിനെയും തന്നെയും മത്സരിപ്പിച്ചില്ലെങ്കിൽ ആലപ്പുഴയിലെ ഒരു സീറ്റിലും പാർട്ടി ജയിക്കില്ലെന്ന് സുധാകരൻ പറഞ്ഞതായും എതിർപക്ഷം ആരോപിച്ചു. എന്നാൽ, പാർട്ടിയുടെ ഏതന്വേഷണത്തെയും സധൈര്യം നേരിടുമെന്നും എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് തെളിയുമെന്നുമാണ് സുധാകരപക്ഷം പറഞ്ഞത്. ആലപ്പുഴ മണ്ഡലത്തിലെ വോട്ടുചോർച്ച കണക്കിലെടുക്കാതെ അമ്പലപ്പുഴയെമാത്രം ലക്ഷ്യമിടുന്നത് വ്യക്തിഹത്യ ലക്ഷ്യമിട്ടാണെന്നായിരുന്നു അവരുടെ വാദം. എന്നാൽ സുധാകരന് തെറ്റുപറ്റിയെന്നായിരുന്നു കമ്മീഷൻ കണ്ടെത്തിയത്. തെറ്റുകൾ ഗുരുതരമല്ലെങ്കിലും സംഭവിച്ചത് സുധാകരനായതിനാൽ അതിന്റെ ഗൗരവം വർധിച്ചു. അവസാനം പരസ്യമായ ശാസനയിലേക്ക് അതെത്തിയിരിക്കുന്നു. ഗൗരിയമ്മയ്ക്ക് ശേഷം ആലപ്പുഴയിലെ കരുത്തനായ ഒരു ജനകീയ നേതാവിന് നേരക്കൂടെ സി.പി.എം. വാളോങ്ങിയിരിക്കുന്നു.
തിരഞ്ഞെടുപ്പിൽ വീഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആരോപണങ്ങൾ നേരിടുമ്പോൾ ജി. സുധാകരൻ പ്രതികരിച്ചത് കവിതയിലൂടെയായിരുന്നു. ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്നേഹിതർ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളിൽ മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തിൽ വന്നാൽ വന്നെന്നുമാം!തനിക്ക് മാത്രം സാധ്യമായ ശൈലിയിൽ സുധാകരൻ കുറിച്ചു.
Content Highlights: CPIM action against G Sudhakaran