പാലക്കാട് > ആലത്തൂരില്‍ നിന്ന് കാണാതായ ഇരട്ട സഹോദരിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കായുള്ള തിരച്ചില്‍ തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കുട്ടികള്‍ ഗോപാലപുരം ചെക്ക്പോസ്റ്റ് വഴി അതിര്‍ത്തി കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊള്ളാച്ചി, വാല്‍പ്പാറ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. കുട്ടികളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കുട്ടികളില്‍ ഒരാളുടെ കൈയ്യില്‍ മൊബൈല്‍ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫാണ്. ഇതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ആലത്തൂരിലെ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നാലുപേരെയാണ് ബുധന്‍ പകല്‍ രണ്ടിനുശേഷം കാണാതായത്. ഇരട്ടകളായ പെണ്‍കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാവ് ആലത്തൂര്‍ പൊലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടെന്ന് കണ്ടെത്തിയത്.
ബുധനാഴ്ച ഇവര്‍ പാലക്കാട് നഗരത്തില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. നഗരത്തിലെയും അതിര്‍ത്തികളിലെയും മുഴുവന്‍ സിസിടിവിയും പൊലീസ് പരിശോധിച്ചു. പെണ്‍കുട്ടികള്‍ ടീ ഷര്‍ട്ടും ബനിയനും ആണ്‍കുട്ടികള്‍ ഷര്‍ട്ടും ജീന്‍സുമാണ് ധരിച്ചിരുന്നത്. കുട്ടികളെകുറിച്ച് കൂടുതലറിയാന്‍ സുഹൃത്തുക്കളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.
സിഐ റിയാസ് ചാക്കീരി, എസ്ഐ എം ആര് അരുണ്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കുട്ടികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഡിവൈഎസ്പി കെ എം ദേവസ്യ പറഞ്ഞു.