നേമം > തിരുവനന്തപുരം നേമത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ കത്രിക കൊണ്ട് കഴുത്തിൽ കുത്തിക്കൊന്നു. കരയ്ക്കാമണ്ഡപം സെറ്റിൽമെന്റ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന വള്ളക്കടവ് സ്വദേശി ഏലിയാസ്(80) ആണ് കൊല്ലപ്പെട്ടത്. മകൻ ക്ലീറ്റസിനെ (52) സംഭവ സ്ഥലത്ത് നിന്നും പോലീസ് അറസ്റ്റുചെയ്തു. അച്ഛനും മകനും മാത്രമാണ് സെന്റിൽമെന്റ് കോളനിയിലെ ഒറ്റമുറി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയിലും മദ്യലഹരിയിൽ ഇവർ തമ്മിൽ വഴക്കുണ്ടായി.
രാത്രി 12.45 ഓടെ അടുത്ത വീട്ടിലെ താമസക്കാരനെ ഫോണിൽ വിളിച്ച ക്ലീറ്റസ് അച്ഛൻ കുനിഞ്ഞിരിക്കുകയാണ് ഒന്നും മിണ്ടുന്നില്ല എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞു. അയൽവാസികൾ എത്തുമ്പോൾ ക്ലീറ്റസ് തറയിൽ തളം കെട്ടിനിന്ന രക്തം തുടച്ചു വൃത്തിയാക്കുന്നതാണ് കണ്ടത്. തൊട്ടടുത്തായി ഏലിയാസ് കിടക്കുന്നതും കണ്ടു. സംശയം തോന്നിയ അയൽവാസികൾ നേമം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ പോലീസ് എത്തി ഏലിയാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകം നടന്ന വീട്ടിൽ നിന്നു തന്നെ ക്ലീറ്റസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
വള്ളകടവിലെ മകളുടെ വീട്ടിൽ താമസിച്ചിരുന്ന ഏലിയാസ് ഭാര്യയുടെ മരണശേഷമാണ് മകനുമായി കാരയ്ക്കാമണ്ഡപത്ത് താമസമായത്. ഇടയ്ക്കിടയ്ക്ക് ഇവർ തമ്മിൽ മദ്യലഹരിയിൽ വഴക്കുണ്ടാകുന്നത് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. ഹിലാരി, പുഷ്പ എന്നിവരാണ് മറ്റുമക്കൾ. നേമം സർക്കിൾ ഇൻസ്പെക്ടർ രാഗീഷ്കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാര ചടങ്ങ് വള്ളകടവ് സെന്റ് ആന്റണീസ് പള്ളിയിൽ നടന്നു.