”ചെറുതാണ് സുന്ദരം” — നാനോ ടെക്നോളജിയെ ലോകം ഇങ്ങനെ വിശേഷിപ്പിക്കുന്നു. മനുഷ്യശരീരത്തിലെ മുറിവുകള്‍ ഉണക്കാനായി നാനോ മെഡിസിനില്‍ ഗവേഷണം നടത്തുന്ന ദീപ പി. മോഹനന് പക്ഷേ, ‘വലിയൊ’രു സമരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗവേഷണം സുഗമമായി മുന്നോട്ടു പോവാനാവശ്യമായ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലക്കു കീഴിലെ ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജിയിലെ (ഐ.ഐ.യു.സി.എന്‍.എന്‍) ഗവേഷകയായ ദീപ ഒക്ടോബര്‍ 29 മുതല്‍ നിരാഹാര സമരം നടത്തുന്നത്.
ഇടക്കാല ഗവേഷക ഗൈഡായ ഡോ. ഇ.കെ രാധാകൃഷ്ണനെ മാറ്റണം, ഗവേഷണം പൂര്‍ത്തീകരിക്കാന്‍ വേണ്ട ലാബ് സൗകര്യവും ഉപകരണങ്ങളും സാമഗ്രികളും നല്‍കണം, ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. നന്ദകുമാര്‍ കളരിക്കലിനെ മാറ്റണം എന്നിവയാണ് ദീപയുടെ ആവശ്യങ്ങള്‍. ആദ്യ രണ്ടു ആവശ്യങ്ങളും അംഗീകരിക്കാമെന്നും ഡോ. നന്ദകുമാറിനെ മാറ്റാന്‍ സാങ്കേതികകാരണങ്ങളാല്‍ സാധ്യമല്ലെന്നുമാണ് നവംബര്‍ ഒന്നിന് നടന്ന അനുരജ്ഞന ചര്‍ച്ചയില്‍ സര്‍വ്വകലാശാല വൈസ് ചാന്സ്ലര് സാബുതോമസ് പറഞ്ഞത്.
ദീപയുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ കണ്ട് സര്‍വ്വകലാശാലാ അധികൃതര്‍ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.ബിന്ദുവിന്റെ നവംബര്‍ ആറിലെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
”ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങള്‍ക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി-ലാബ്-ഹോസ്റ്റല്‍ സംവിധാനങ്ങളുള്‍പ്പെടെ എല്ലാ പശ്ചാത്തലസൗകര്യങ്ങളും നല്‍കാമെന്നും താന്‍ തന്നെ ഗൈഡായി പ്രവര്‍ത്തിക്കാമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പുകൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാന്‍ സര്‍വ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്.”
ഹൈക്കോടതിയുടെയും പട്ടികവര്‍ഗ്ഗ കമ്മീഷന്റെയും ഇടപെടലുകള്‍ കൂടി പരിശോധിച്ച് പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറയുന്നു. ”ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസ്സമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്ക്കാന് ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതൊരുറപ്പായെടുത്ത് സമരത്തില്‍നിന്നു പിന്മാറണമെന്ന് വിദ്യാര്‍ഥിനിയോട് അഭ്യര്‍ത്ഥിക്കുന്നു.”–മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. സമരം നിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നാണ് ദീപയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.
ദീപയുടെ ആരോപണങ്ങള്‍
കണ്ണൂര്‍ ചെട്ടിയമ്പറമ്പ് സ്വദേശിനിയായ ദീപ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും മൈക്രോ ബയോളജിയില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷമാണ് 2011ല്‍ എം.ഫില്ലിന് ചേര്‍ന്നത്. പഠനത്തിന്റെ ഭാഗമായുള്ള ആറു മാസത്തെ പ്രൊജക്ടിന് ദലിത് ഇതര വിദ്യാര്‍ഥികള്‍ക്ക് മാത്രം സര്‍വ്വകലാശാലക്കു പുറത്തുള്ള പ്രമുഖ ക്യാമ്പസുകളില്‍ അവസരങ്ങള്‍ നല്‍കിയെന്ന് ദീപ ആരോപിക്കുന്നു. അക്കാലത്ത് ഐ.ഐ.യു.സി.എന്‍.എന്‍ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. നന്ദകുമാര്‍ സ്വന്തം സ്ഥാപനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്കാന് കഴിയില്ല എന്ന് പറഞ്ഞു.
തുടര്‍ന്ന്, അക്കാലത്ത് ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്ടറായിരുന്ന സാബു തോമസിന് പരാതി നല്കിയ ശേഷമാണത്രെ പ്രൊജക്ട് ചെയ്യാന്‍ കഴിഞ്ഞത്. എംഫില്‍ പ്രൊജക്ട് തള്ളണമെന്ന നിലപാടാണ് നന്ദകുമാര്‍ സ്വീകരിച്ചതെന്നും ദീപ ആരോപിക്കുന്നു. അതിനാല്‍ പുതിയ പ്രൊജക്ട് തയ്യാറാക്കി നല്‍കേണ്ടി വന്നു. കൂടാതെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതിനാല്‍ ഗവേഷണത്തിനുള്ള ഒരു വര്‍ഷം നഷ്ടപ്പെടുകയും ചെയ്തു. സമയബന്ധിതമായി എം.ഫില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഗേറ്റ് വിജയിച്ചതിനാല്‍ മാത്രമാണ് പി.എച്ച്.ഡിക്ക് പ്രവേശനം നേടാനായത്.
2012 ഏപ്രിലില്‍ എം.ഫില്‍ പൂര്‍ത്തിയായ ശേഷം 2014 മാര്‍ച്ചില്‍ പി.എച്ച്.ഡി അഡ്മിഷന് ലഭിക്കുന്നതു വരെയുള്ള കാലയളവില്‍ അടിമയെ പോലെ സ്ഥാപനത്തിലെ മറ്റു ജോലികള്‍ ചെയ്യിച്ചുവെന്നും ദീപ ആരോപിക്കുന്നു. ചോദ്യപേപ്പര്‍ തയ്യാറക്കല്, തീസിസ് തിരുത്തല്‍, ഗവേഷണ പ്രബന്ധങ്ങള്‍ വിലയിരുത്തല്‍ തുടങ്ങിയ ജോലികളാണ് ചെയ്യിച്ചത്.
പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് സമയബന്ധിതമായി നടത്താതെ ലാബ് വര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. വര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വര്‍ക്ക് മറ്റീരിയല്‍ ആവശ്യമാണെന്നിരിക്കെ അത് നല്‍കരുതെന്ന് ലാബ് ഇന്‍ചാര്‍ജായ ഡോ.രാജിയോട് നന്ദകുമാര്‍ ആവശ്യപ്പെട്ടതായും ദീപ ആരോപിക്കുന്നു. മറ്റു വിദ്യാര്‍ഥികളില്‍ നിന്ന് കടമായി വാങ്ങിയ സാമഗ്രികള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് നല്കിയപ്പോള് മറ്റൊരാളുടെ ഡേറ്റ മോഷ്ടിച്ചെന്ന് ആരോപിച്ചു. എഴുപതോളം പേരുടെ മുന്നില്‍ വെച്ച് മോഷ്ടാവ് എന്നു വിളിക്കുകയും ചെയ്തു.
2015 ജനുവരി പത്തിന് ലാബില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കെ ഡോ. നന്ദകുമാര്‍ എത്തി ഇറക്കിവിട്ടുവെന്നും പിന്നീട് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടെന്നും ദീപ ആരോപിക്കുന്നു. പോലിസ് എത്തിയാണ് ദീപയെ മോചിപ്പിച്ചതത്രെ. ഗൈഡിന്റെ ഇടപെടല്‍ മൂലം വീണ്ടും വര്‍ക്ക് ചെയ്യാന്‍ അവസരമുണ്ടായെങ്കിലും മറ്റൊരാളെ അയച്ച് 2015 മാര്‍ച്ചില്‍ ലാബില്‍ നിന്ന ഇറക്കിവിട്ടത്രെ.
ഇതിനെ തുടര്‍ന്നാണ് ദീപ സര്‍വ്വകലാശാലക്കു പരാതി നല്‍കിയത്. ലാബില്‍ കയറി വര്‍ക്ക് ചെയ്യാന്‍ ഡോ.നന്ദകുമാര്‍ അനുവദിക്കുന്നില്ല, മാനസികമായി പീഡിപ്പിക്കുന്നു, മറ്റു വിദ്യാര്‍ഥികളില്‍ നിന്ന് വേര്‍തിരിച്ചു കാണുന്നു, പരിഹസിക്കുന്നു, അവഹേളിക്കുന്നു, എവിടെ ഇരുന്നാലും എഴുന്നേല്പ്പിക്കുന്നു, പട്ടികജാതിക്കാരിയായ തനിക്ക് വര്‍ക്ക് മറ്റീരിയല്‍ നല്‍കിയില്ല, ജാതി തിരിച്ച് കാണുകയും അപമാനിക്കുകയും ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളുള്ള പരാതിയാണ് ദീപ നല്‍കിയത്. ”പട്ടികജാതി വിദ്യാര്‍ഥികള്‍ക്കൊന്നും കാര്യക്ഷമതയില്ല, ഇങ്ങനെ ഉത്തരവാദിത്തപ്പെട്ട ജോലികള്‍ അവരെ ഏല്‍പ്പിക്കാന്‍ കഴിയില്ല.” എന്ന് ഡോ.നന്ദകുമാര്‍ പറഞ്ഞുവെന്നും ദീപ ആരോപിച്ചു.
പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് രണ്ടംഗ സമിതി രൂപീകരിച്ച് 2015 മാര്‍ച്ച് 19ന് വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.എന്‍ ജയകുമാര്‍, കെ.എസ് ഇന്ദു എന്നിവരാണ് ദീപയുടെയും ആരോപണ വിധേയരുടെയും മൊഴികള്‍ എടുത്തത്.
അന്വേഷണ സമിതിയുടെ കണ്ടെത്തലും നടപടികളും
ദീപയുടെ സൂപ്പര്‍വൈസര്‍ അല്ലാതിരുന്നിട്ടും ഡോ. നന്ദകുമാര്‍ അനാവശ്യമായി ഇടപെട്ടെന്നാണ് സമിതി കണ്ടെത്തിയത്. പരാതിയിലെ ആരോപണങ്ങള്‍ വാസ്തവമാണെന്നാണ് മൊഴികളും രേഖകളും പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടതെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനം തടയാനുള്ള നിയമവും പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമവും പ്രകാരമുള്ള നടപടികള്‍ വേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി.
ജാതിയുടെ അടിസ്ഥാനത്തില്‍ ദീപ അപമാനം സഹിക്കേണ്ടി വന്നതിനാല്‍ നീതി ഉറപ്പാക്കണം, ഉന്നതപഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കണം, പഠനത്തിന് ആവശ്യമായ ഉപകരണങ്ങള്‍, സാമഗ്രികള്‍ എന്നിവ നല്കുന്നതില് നന്ദകുമാറിന് വീഴ്ച്ച വന്നതിനാല്‍ സര്‍വ്വകലാശാല പരിഹാര നടപടികള്‍ സ്വീകരിക്കണം തുടങ്ങിയവയായിരുന്നു ശുപാര്‍ശകള്‍.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോ. നന്ദകുമാറിനെ പദവിയില്‍ നിന്ന് നീക്കി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. കൂടാതെ ദീപയുടെ മേലുള്ള നിയന്ത്രണം ഒഴിവാക്കാന്‍ ഡോ.നന്ദകുമാറിനെ ഡയറക്ടര്‍സ്ഥാനത്ത് നിന്ന് നീക്കിയെന്നും 2016 ഫെബ്രുവരി ഒന്നിന് സര്‍വ്വകലാശാല ഉത്തരവിട്ടു.
പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കോട്ടയം എസ്.പിക്ക് 2016 ഫെബ്രുവരി അഞ്ചിന് സര്‍വ്വകലാശാല പരാതിയും നല്കി. അതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ജാതിപീഡനം ആരോപിച്ചായിരുന്നു കേസ്.
പക്ഷേ, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡോ.നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായതിനാല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. പോലിസ് നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി 2018 മാര്‍ച്ച് എട്ടിന് കേസ് തീര്‍പ്പാക്കി.
ഹൈക്കോടതി ഇടപെടല്‍
അന്വേഷണ സമിതി റിപ്പോര്‍ട്ടിന് ശേഷവും തന്നെ ലാബില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് ദീപ വീണ്ടും സര്‍വ്വകലാശാലക്ക് പരാതി നല്കി. 2018 മേയിലാണ് പരാതി നല്‍കിയത്. നിരന്തരപീഡനം മൂലം ഗവേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്നും സമയം നീട്ടി നല്‍കണമെന്നുമായിരുന്നു ആവശ്യം. 2019 മാര്‍ച്ചില്‍ പി.എച്ച്.ഡി സമയം കഴിയുമെന്നും ദീപ ചൂണ്ടിക്കാട്ടി. പിന്നീട് അഡ്വ.കെ.എസ് മധുസൂദനന് മുഖേനെ ഹൈക്കോടതിയെ സമീപിച്ചു. ഗവേഷണം പൂര്‍ത്തീകരിക്കാന്‍ സമയം നീട്ടി നല്‍കണം, അന്വേഷണ സമിതിയുടെയും പോലീസ് കേസിന്റെയും അടിസ്ഥാനത്തില്‍ ഡോ. നന്ദകുമാറിനെതിരെ നടപടി സ്വീകരിക്കണം എന്നിവയായിരുന്നു ആവശ്യം.
ദീപ അപേക്ഷ നല്കുകയാണെങ്കില് പി.എച്ച്.ഡി കാലാവധി നീട്ടിനല്‍കണമെന്നാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് ഇടക്കാല ഉത്തരവില്‍ വൈസ് ചാന്‍സ്ലര്‍ക്ക് നിര്‍ദേശം നല്‍കിയത്. ” സ്വന്തം സാഹചര്യങ്ങളെ നേരിട്ടാണ് ഹര്‍ജിക്കാരിയായ പെണ്‍കുട്ടി ഈ നിലയില്‍ എത്തിയത്. വിവിധങ്ങളായ കാരണങ്ങളാല്‍ അവര്‍ നിരവധി പ്രശ്നങ്ങളും നേരിട്ടുണ്ടാവും. പക്ഷെ, ഡയറക്ടറോ മറ്റാരെങ്കിലുമോ തെറ്റ് ചെയ്തെന്ന് ഈ നിമിഷം പറയാനാവില്ല. എന്നാല്‍, സര്‍വ്വകലാശാല ചട്ടം പ്രകാരം ഗവേഷണം പൂര്‍ത്തിയാക്കാന്‍ ഹര്‍ജിക്കാരിക്ക് കഴിയണം…..നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം കക്ഷികളുടെ ഉഗ്ര മനസ്ഥിതിയാണെന്ന് വ്യക്തമാണ്. ഈ കോടതി ആരെയും കുറ്റപ്പെടുത്തുന്നില്ല. സൗഹാര്‍ദ്ദപരമായ വര്‍ക്കിങ് അന്തരീക്ഷമുണ്ടാവുന്നില്ലെങ്കില് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മേലധികാരിക്ക് അധികാരമുണ്ട്. ഉന്നതനേട്ടങ്ങള് ആഗ്രഹിക്കുന്നവര്‍, അക്കാദമിക് തലത്തിലായാലും, പക്വത കാണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്തരം പക്വതയുണ്ടായില്ലെങ്കില് അച്ചടക്കം പുനസ്ഥാപിക്കാനും സാധാരണനില കൈവരിക്കാനും ഏറ്റവും ഉയര്‍ന്ന അധികൃതര്‍ക്ക് ഇടപെടാം. അതിനാല്‍ വൈസ് ചാന്‍സറുടെ സജീവമായ ഇടപെടല്‍ അനിവാര്യമാണ്…..ആരൊക്കെ തെറ്റു ചെയ്തെന്നോ ആരാണ് യഥാര്‍ത്ഥ കുറ്റവാളിയെന്നോ കണ്ടെത്താന്‍ ഈ കോടതിക്ക് കഴിഞ്ഞിട്ടില്ല.”–ഇടക്കാല ഉത്തരവ് പറയുന്നു.
ഡയറക്ടറും ദീപയും ഗൈഡും അടക്കമുള്ള എല്ലാ കക്ഷികളെയും കേട്ട ശേഷം പ്രവര്‍ത്തന മാര്ഗരേഖയുണ്ടാക്കാനാണ് കോടതി വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
ഡോ. നന്ദകുമാര്‍ കളരിക്കല്‍ ഹൈക്കോടതിയില്‍ പറഞ്ഞത്
ദീപയുടെ കള്ളക്കേസിന്റെ ഇരയാണ് താനെന്നാണ് ഡോ. നന്ദകുമാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ദീപയുടെ പി.എച്ച്.ഡി അഡ്മിഷന് നിയമവിരുദ്ധമായാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. എ.രാജസിംഹന് മുഖേനെ നല്കിയ മറുപടി സത്യവാങ്മൂലം പറയുന്നു. അഡ്മിഷന് സ്ഥിരപ്പെടുത്തിയത് സംബന്ധിച്ച രേഖകള്‍ നഷ്ടപ്പെട്ടെന്നാണ് വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യത്തിന് ഉത്തരമായി സര്‍വ്വകലാശാല അറിയിച്ചിരിക്കുന്നത്.
ദീപ ഗവേഷണമൊന്നും നടത്തുന്നില്ലെന്നാണ് 2017ല്‍ രണ്ടു തവണ ഗൈഡ് അറിയിച്ചത്. ഹര്‍ജിക്കാരിയുടെ ദുര്‍നടത്തത്തില്‍ പ്രതിഷേധിച്ച് നിള വനിതാ ഹോസ്റ്റലിലെ മറ്റു കുട്ടികള്‍ പരാതി നല്‍കിയിരുന്നു. ദീപയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാനാണ് 2013ല്‍ ജോയിന്റ് രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തത്. കേസില്‍ ഹാജരായ അഭിഭാഷകനെതിരെ പോലും ഫേസ്ബുക്ക് പോസ്റ്റിട്ടു. ദീപ ദലിതാണെന്നും ഞാന്‍ ഉയര്‍ന്ന ജാതിക്കാരനുമാണെന്നാണ് ആരോപിക്കുന്നത്. ദീപയുടെ പിതാവും ഭര്‍ത്താവും ഹിന്ദു മതത്തിലെ ഉയര്‍ന്നജാതിക്കാരാണ്. ഒ.ബി.സിക്കാരനായ ഞാന്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ല. ദീപയെ ലാബില്‍ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്. വിഷയത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസ് പോലീസ് തന്നെ എഴുതിത്തള്ളിക്കഴിഞ്ഞു.
ആരോപണങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് അന്വേഷണ സമിതി തനിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കോട്ടു പോലും ധരിക്കാതെയാണ് ദീപ ലാബില്‍ വരുന്നതെന്നും മറുപടി സത്യവാങ്മൂലം ആരോപിക്കുന്നു.
സമരത്തിലേക്ക്
ഡോ.നന്ദകുമാറിനെ ചുമതലകളില്‍ നീക്കണമെന്ന 2016ലെ സര്‍വ്വകലാശാലയുടെ ഉത്തരവും ഹൈക്കോടതി വിധിയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദീപ വൈസ് ചാന്‍സലറെ കാണാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദീപക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ഭീം ആര്‍മി പ്രവര്‍ത്തകര്‍ക്കും വൈസ് ചാന്‍സലറെ കാണാനായില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 29ന് സമരം തുടങ്ങുന്നത്. ദീപ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പാലിക്കപ്പെടാതെ സമരം പിന്‍വലിക്കില്ലെന്ന് ഭീം ആര്‍മി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഖില്‍ മേനിക്കോട്ട് സമയം മലയാളത്തോട് പറഞ്ഞു. പെമ്പിള ഒരുമൈ നേതാവ് ഗോമതിയും നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനകളായ എ.ഐ.എസ്.എഫ്, എ.എസ്.എ, കെ.എസ്.യു എം.എസ്.എഫ്, ഫ്രറ്റേണിറ്റി എന്നിവരും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.
****