കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോൺഗ്രസ് പ്രവർത്തകനായ തൃക്കാക്കര സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. സംഭവത്തിൽ രണ്ടാമത്തെ അറസ്റ്റാണ് ഇത്. നേരത്തെ കോൺഗ്രസ് പ്രവർത്തകനായപി.ജെ. ജോസഫ് അറസ്റ്റിലായിരുന്നു.
കാർ തകർത്ത കേസ് ഒത്തുതീർപ്പാക്കാൻ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായിരുന്നു. കേസിൽ ഒരാളെ അറസ്റ്റുചെയ്യുകയും മറ്റു നേതാക്കൾക്കെതിരേ അറസ്റ്റിനുള്ള നീക്കങ്ങൾ പോലീസ് ഊർജിതമാക്കുകയും ചെയ്തതോടെയാണ് നടന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പിന് പാർട്ടി നേതൃത്വം ശ്രമിച്ചത്. കാർ നന്നാക്കിക്കൊടുക്കുന്നതിനൊപ്പം പരസ്യമായി മാപ്പുപറയണമെന്ന നിലപാട് ജോജുവിന്റെ ഭാഗത്തുനിന്നുണ്ടായതോടെയാണ് അനുരഞ്ജനശ്രമങ്ങൾ പാളിയതെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് സംഭവത്തിൽ രണ്ടാമത്തെ അറസ്റ്റുണ്ടായിരിക്കുന്നത്.
വിഷയത്തിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വരെ ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്ന് ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത് മാരാർ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ നടത്തിയ വ്യക്തിപരമായ പ്രസ്താവനകൾ പരസ്യമായി പിൻവലിക്കണമെന്നാണ് ജോജുവിന്റെ നിലപാടെന്നും രഞ്ജിത് മാരാർ വ്യക്തമാക്കി.
ഒത്തുതീർപ്പിന് തയ്യാറായ ജോജു പെട്ടെന്ന് മാറിയതിനുപിന്നിൽ ബാഹ്യസമ്മർദമുണ്ടെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഇനി ജോജു മാപ്പുപറയട്ടെയെന്നും പാർട്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഷിയാസ് പറഞ്ഞു.
Content highlights:another congress worker arrested for attacking joju george in congress protest