പത്തനാപുരം (കൊല്ലം) :ആറുമക്കളുടെ അമ്മയായ വയോധികയുടെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം പുഴുവരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി. പട്ടാഴി കന്നിമേൽ പനയനം കാഞ്ഞിരംവിളവീട്ടിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ(100)യാണ് മരിച്ചത്.
ഒപ്പം താമസിച്ചിരുന്ന മാനസികവെല്ലുവിളി നേരിടുന്ന മകൻ അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്നനിലയിൽ കട്ടിലിൽ മൃതദേഹം കണ്ടത്. അവിവാഹിതനായ മകനും അമ്മയും മാത്രമാണ് വീട്ടിൽ താമസം. മറ്റു മക്കളും അവരുടെ കുടുംബവുമൊക്കെ തൊട്ടടുത്തു താമസിക്കുന്നുണ്ട്.
അമ്മ മരിച്ച് പുഴുവരിച്ചു കിടക്കുന്നെന്ന് മകൻ അടുത്തവീട്ടിലെത്തി അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രണ്ടുമുറിയും ഇറക്കുകളുമുള്ള പഴയവീട്ടിലെ മലിനമായ മുറിയിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതരും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി. പോലീസ് നടപടികൾക്കുശേഷം കോവിഡ് ടെസ്റ്റിനും മൃതദേഹപരിശോധനയ്ക്കുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അടുത്ത ബന്ധുക്കളുടെ അനാസ്ഥയാണ് മരണമറിയാൻ വൈകാനിടയാക്കിയതെന്നും അവരുടെപേരിൽ കേസെടുക്കുന്നകാര്യം പരിഗണനയിലുണ്ടെന്നും പോലീസ് ഇൻസ്പെക്ടർ പി.ഐ.മുബാറക്ക് അറിയിച്ചു. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, പരേതനായ രാഘവൻ പിള്ള, ഭാനുമതിയമ്മ, പരേതനായ വിജയൻ പിള്ള, സുരേന്ദ്രൻ പിള്ള, രാജേന്ദ്രൻ നായർ.