ഷാർജ
ട്വന്റി–-20 ലോകകപ്പിൽ ന്യൂസിലൻഡ് സെമിക്കരികെ. ഞായറാഴ്ച അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ കെയ്ൻ വില്യംസണും സംഘത്തിനും അവസാന നാലിൽ എത്താം. തോറ്റാലും റൺനിരക്കിൽ പ്രതീക്ഷ ബാക്കിയുണ്ട്. നമീബിയയെ 52 റണ്ണിന് കീഴടക്കിയാണ് ന്യൂസിലൻഡ് മുന്നേറിയത്. രണ്ടാം ഗ്രൂപ്പിൽ രണ്ടാമതെത്തി. നാല് കളിയിൽ മൂന്നും ജയിച്ച് ആറ് പോയിന്റായി ന്യൂസിലൻഡിന്. നേരത്തേ സെമി ഉറപ്പിച്ച പാകിസ്ഥാനാണ് ഒന്നാമത്.
ജിമ്മി നീഷത്തിന്റെ ഓൾറൗണ്ട് മികവിലാണ് ന്യൂസിലൻഡ് നമീബിയയെ തകർത്തത്. നീഷം 23 പന്തിൽ പുറത്താകാതെ 35 റണ്ണും ഒരു വിക്കറ്റും വീഴ്ത്തി. കിവികൾ ഉയർത്തിയ 164 റൺ പിന്തുടർന്ന നമീബിയ ഏഴിന് 111ൽ അവസാനിപ്പിച്ചു. സ്കോർ: ന്യൂസിലൻഡ് 4–-163, നമീബിയ 7–-111. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് മുൻനിര ബാറ്റർമാർക്ക് താളം കണ്ടെത്താനായില്ല. മാർടിൻ ഗുപ്റ്റിൽ (18), കെയ്ൻ വില്യംസൺ (28) എന്നിവർക്കൊന്നും സ്കോർ ഉയർത്താനായില്ല. അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സുമായി ചേർന്ന് (21 പന്തിൽ 39*) നീഷം കിവികളെ ഉയർത്തി. ഈ കൂട്ടുകെട്ട് 36 പന്തിൽ 76 റണ്ണടിച്ചു.
മറുപടിയിൽ നമീബിയ പതറി. മൈക്കേൽ വാൻ ലിഗേനാണ് (25) അവരുടെ ടോപ്സ്കോറർ. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും രണ്ടുവീതം വിക്കറ്റ് നേടി.