ജനീവ
യൂറോപ്പില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഫെബ്രുവരിയോടെ മേഖലയില്‍ 5,00,000 കോവിഡ് മരണംകൂടി സംഭവിച്ചേക്കുമെന്നും യൂറോപ്പ് വീണ്ടും കോവിഡിന്റെ പ്രഭവ കേന്ദ്രമായി മാറുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ മേഖല ഡയറക്ടർ ഹാൻസ് ക്ലൂഗെ പറഞ്ഞു.
യൂറോപ്പില്‍ കഴിഞ്ഞ മാസം കോവിഡ് കേസുകളിൽ 50 ശതമാനത്തിലധികം കുതിച്ചുചാട്ടം ഉണ്ടായി. ജര്‍മനിയില്‍ മഹാമാരി ആരംഭിച്ചശേഷമുള്ള ഏറ്റവും കൂടുതൽ രോഗികള്‍ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം വ്യാഴാഴ്ച 35,662 രോഗികള്‍. റഷ്യയിലും കോവിഡ് കേസുകളില്‍ റെക്കോഡ് വര്‍ധന. കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ നിരക്കിലും വര്‍ധന. വാക്സിനേഷന് കുറവുള്ള രാജ്യങ്ങളിലാണ് ആശുപത്രിയിലാക്കപ്പെടുന്നവരുടെ എണ്ണം കൂടിയതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. യൂറോപ്പില്‍ ശരാശരി 47 ശതമാനം ആളുകൾ പൂർണമായും വാക്സിന് എടുത്തിട്ടുണ്ട്. എട്ട് രാജ്യത്ത് മാത്രമാണ് ജനസംഖ്യയുടെ 70 ശതമാനം വാക്സിന് എടുത്തത്. കുത്തിവയ്പിന് വിസമ്മതിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജർമനി അറിയിച്ചു.