ന്യൂഡൽഹി
ത്രിപുരയിൽ മുസ്ലിം സമുദായങ്ങൾക്കുനേരെ നടന്ന സംഘപരിവാർ ആക്രമണങ്ങളിൽ വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ അഭിഭാഷകർക്കെതിരെ യുഎപിഎ ചുമത്തി ത്രിപുര പൊലീസ്. പൊലീസ് അക്രമികൾക്ക് ഒത്താശ ചെയ്തുവെന്നാണ് സ്വതന്ത്ര റിപ്പോർട്ടിൽ പറയുന്നത്.
പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്ട്ടീസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മുകേഷ്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍സിന്റെ അഭിഭാഷകനായ അന്‍സാര്‍ ഇന്‍ഡോറി എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.
ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജക്കാലത്തെ വര്‍ഗീയസംഘര്‍ഷത്തിൽ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തിൽ ത്രിപുരയിൽ ഒക്ടോബറിൽ നടന്ന റാലിക്കിടെയാണ് പള്ളികളും മുസ്ലിം സമുദായങ്ങളുടെ വീടുകളും തകർത്തത്. തുടർന്ന്, ഒക്ടോബർ 29, -30 തീയതികളിൽ സംസ്ഥാനം സന്ദർശിച്ച നാലംഗ അഭിഭാഷക സംഘത്തിൽ ഉൾപ്പെട്ടവരാണ് മുകേഷും അൻസാറും.