കൊൽക്കത്ത
ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതോടെ ബംഗാള്‍ ബിജെപിയിൽ കലാപം രൂക്ഷമായി. തോല്‍വിക്ക് പരസ്പരം പഴിചാരി നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടി. ഇന്ധനവിലവർധന ചൂണ്ടിക്കാട്ടി ഒരു വിഭാഗം കേന്ദ്ര നേതാക്കളെ ലക്ഷ്യമിട്ടു. തോറ്റത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടെന്ന് മറുചേരി.
നിയമസഭിയിലെ തോൽവിയോടെ തുടങ്ങിയ കൂറുമാറ്റത്തിന് ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോൽവി ആക്കം കൂട്ടുമെന്ന ആശങ്കയില്‍ നേതൃത്വം. മേയിൽ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റില്‍ ജയിച്ച 77 പേരില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കം 33 പേർ തൃണമൂല്വിട്ടെത്തിയവര്.
അഞ്ച് എംഎൽഎമാർ ഇതിനകം തൃണമൂലിലേക്ക് മടങ്ങി. 25 പേരോളം തൃണമൂലിലേക്ക് തിരികെയെത്താൻ ചരടുവലി തുടങ്ങി. കാലുമാറിയെത്തുന്നവരെ അയോഗ്യരാകാതിരിക്കാൻ സ്പീക്കറുടെ പിന്തുണയോടെ നീക്കം നടത്തുകയാണ് തൃണമൂല്‍. ബിജെപി ടിക്കറ്റിൽ ജയിച്ച് പിന്നീട് കാലുമാറിയ മുകുൾ റോയ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി.