കുമളി> പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്. രണ്ട് സംസ്ഥാനങ്ങളും പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണം. തമിഴ്നാട് മന്ത്രിമാരോടൊപ്പം അണക്കെട്ട് സന്ദര്‍ശിച്ച ശേഷം തേക്കടിയില്‍ തമിഴ്നാട് ഐബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് നീതിമാനും സത്യസന്ധനുമായ ഭരണാധികാരിയാണ്. ദീര്‍ഘകാലമായി അദ്ദേഹത്തെ അറിയാം. മുല്ലപ്പെരിയാര്‍ നീണ്ടകാല പ്രശ്നമാണ്. 1979ല്‍ അണക്കെട്ട് ബലക്ഷയമാണെന്നതിനെ തുടര്‍ന്ന് കേബിള്‍ ആങ്കറിങ് ഉള്‍പ്പെടെയുള്ള ബലപ്പെടുത്തല്‍ നടത്തിയിരുന്നു. ബേബിഡാം ബലപ്പെടുത്തലിന് ശേഷം ജലനിരപ്പ് ഉയര്‍ത്തണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇതുവരേയും ബേബിഡാം ബലപ്പെടുത്തല്‍ നടന്നില്ല.
കഴിഞ്ഞ 29ന് കേരള മന്ത്രിമാര്‍ പങ്കെടുത്ത് മുല്ലപ്പെരിയാര്‍ ജലം തുറന്നുവിട്ടത് സംബന്ധിച്ച് തമിഴ്നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ട് . തമിഴ്നാട് സര്‍ക്കാരിന്റെ അറിവോടെയാണോ ഇതെന്ന ചോദ്യത്തിന്, കഴിഞ്ഞ മുപ്പത് വര്‍ഷത്തെ നീരൊഴുക്കിന്റെ കണക്കനുസരിച്ച് സെന്‍ട്രല്‍ വാട്ടര്‍ കമീഷന് നിശ്ചയിച്ച റൂള്‍ കര്‍വ് പ്രകാരമാണ് വെള്ളം തുറന്നതെന്നും നവംബര്‍ 30ന് 142 അടി വെള്ളം ശേഖരിക്കാന്‍ അനുമതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ആറ് മാസം മുമ്പ് അധികാരത്തിലേറിയ ഉടന്‍ അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. കോവിഡ് മൂലമാണ് വൈകിയത്. അടുത്തദിവസംതന്നെ ആളിയാര്‍, പറമ്പിക്കുളം അണക്കെട്ട് സന്ദര്‍ശിക്കുന്നുണ്ട്.മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിക്കാനോ അഭിപ്രായം പറയാനോ എഐഎഡിഎംകെ മുഖ്യമന്ത്രിമാരായ ഒ പന്നീര്‍സെല്‍വത്തിനും എടപ്പാടി പളനിസ്വാമിക്കും അവകാശമില്ല.
പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ഇരുവര്‍ക്കും അണക്കെട്ട് സന്ദര്‍ശനത്തിന് കഴിഞ്ഞില്ല. അണക്കെട്ടിനോട് അടുത്തുള്ള തേനി ജില്ലയില്‍ ആയിരുന്നിട്ടും ഇവര്‍ സന്ദര്‍ശിച്ചില്ല. എന്നാല്‍ എണ്‍പതാം വയസിലാണ് താന്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നത്. സുപ്രീംകോടതി പറഞ്ഞിട്ടും ബേബിഡാമിന്റെ താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ ഒരു നടപടിയും കഴിഞ്ഞ എഐഎഡിഎംകെ സര്‍ക്കാരുകള്‍ സ്വീകരിച്ചില്ല. മരങ്ങള്‍ മുറിച്ചശേഷം ബേബിഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കെതിരെ ചിലര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമരം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു
തമിഴ്നാട് മന്ത്രിമാരായ ഐ പെരിയാസ്വാമി, ആര് ആര് ചക്രപാണി, പി മൂര്‍ത്തി, എംഎല്‍എമാരായ എന്‍ രാമകൃഷ്ണന്, കെ എസ് ശരവണകുമാര്‍, എ മഹാരാജന്, പി ദളപതി, വെങ്കിടേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.