തിരുവനന്തപുരം> സംസ്ഥാനത്തെ വ്യാജ ഡീസല്‍ ഉപയോഗം തടയാന്‍ കര്‍ശന പരിശോധന നടത്താന്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഗുണ നിലവാരം കുറഞ്ഞതും അപകടസാധ്യതയുള്ളതുമായ വ്യാജ ഡീസല്‍ സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്.
ഇന്ധനക്കമ്പനി പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വ്യവസായാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട പ്രത്യേക തരം ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിച്ചാലുണ്ടാകാവുന്ന തീപിടിത്ത സാധ്യതയും അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് നടപടി. ഇന്ധന വിലയിലെ ചെറിയ ലാഭം മുന്നില്‍ കണ്ടുള്ള വാഹന ഉടമകളുടെ ഈ പ്രവൃത്തി മൂലം യാത്രക്കാരുടെ ജീവന് അപകടത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വ്യാജ ഇന്ധനം ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെ നിരീക്ഷിച്ച് രജിസ്ട്രേഷനും പെര്‍മിറ്റും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ ഗതാഗതഗത കമീഷണറോട് മന്ത്രി നിര്‍ദേശിച്ചു.
ഗതാഗത കമീഷണര്‍ എം ആര് അജിത് കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം കോര്പറേഷന്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.