കൊച്ചി> പടം തിയേറ്ററില്‍ തന്നെ കാണിക്കണമെന്ന് ആഗ്രഹിച്ചാണെടുത്തതെന്നാവര്ത്തിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മരയ്ക്കാര്‍ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പറയുകയായിരുന്നു അദ്ദേഹം. ചിത്രം ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തി.40 കോടി അഡ്വാന്‍സ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ല.21 ദിവസം എല്ലാ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ തിയേറ്ററുകാരും കരാര്‍ ഒപ്പിട്ടില്ല.തിയേറ്റര്‍ ഉടമകള്‍ക്ക് അധിക പരിഗണന നല്‍കാനാവില്ല. ഉടമകള്‍ പല ചര്‍ച്ചകള്‍ക്കും തന്നെ വിളിച്ചില്ലായെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ തിയേറ്ററുകാര്‍ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയേറ്ററുകാര്‍ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യില്‍ വച്ചത് തിയേറ്ററില്‍ കളിക്കാമെന്ന വിചാരത്തില്‍ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്ക്രീനുകള്‍ കിട്ടേണ്ടെ. നഷ്ടം വന്നാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ജീവിതപ്രശ്നമാണ്- ആന്റണി പറഞ്ഞു.
മോഹന്‍ലാലിന്റെ അനുമതിയോടെയാണ് ഒടിടി യിലേക്ക് പോകുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.