കണ്ണൂർ > ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ച സിപിഐ എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്ന് ജന്മനാട്ടിലേക്ക് മടങ്ങിയെത്തും. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജനും തലശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ജാമ്യവ്യവസ്ഥയിലാണ് ഇരുമ്പനത്ത് കഴിഞ്ഞിരുന്നത്.
ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച് നാട്ടിലേക്ക് തിരിച്ചെത്തുന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പ് നൽകാൻ ഒരുങ്ങിയിരിക്കുകയാണ് നാട്. വൈകുന്നേരം തലശ്ശേരിയിൽ വച്ച് ഇരു നേതാക്കളെയും സ്വീകരിച്ച് സ്വന്തം നാടുകളിലേക്ക് ആനയിക്കും. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും സ്വന്തം കുടുംബത്തിൻ്റയും നാട്ടുകാരുടെയും സ്നേഹത്തണലിലേക്ക് മടങ്ങിയെത്തുന്നത്. പ്രിയ നേതാക്കളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് കാരായി രാജൻ്റെ നാടായ കതിരൂരും കാരായി ചന്ദ്രശേഖരൻ്റെ നാടായ കുട്ടിമാക്കൂലും.
എട്ടുവർഷമായി തൃപ്പൂണിത്തുറയിലെ മുതിർന്ന സിപിഐ എം നേതാവ് കെ ടി തങ്കപ്പന്റെ ഇരുമ്പനത്തെ വീട്ടിലാണ് ഇവരുടെ താമസം. കള്ളക്കേസിന്റെ പേരിലുള്ള മാധ്യമവേട്ടയ്ക്കിടയിലും സ്വന്തം നാട്ടിലെന്നപോലെ സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇരുവരും ഇരുമ്പനത്തും പരിസരപ്രദേശങ്ങളിലും സജീവമായി. നാട്ടുകാർക്ക് പ്രിയപ്പെട്ടവരായി. ചികിത്സാ ആവശ്യങ്ങൾക്ക് എത്തുന്ന കണ്ണൂരുകാരുടെ അഭയകേന്ദ്രമായി.
അർധതടവുകാരായ രണ്ട് സഖാക്കളെ മറ്റൊരു സഖാവ് കുടുംബത്തെയെന്നപോലെ എട്ടുവർഷം സംരക്ഷിച്ചത് കേസിന്റെ സ്വഭാവംപോലെതന്നെ വേറിട്ടതാണെന്ന് കാരായി രാജൻ പറഞ്ഞു. എട്ടുവർഷം ഒരു വീട്ടിൽ സൗഹൃദത്തോടെ കഴിയാനായതിനുപിന്നിൽ ആ കുടുംബത്തിലുള്ള സ്ത്രീകളുടെ നല്ല മനസ്സാണെന്ന് കാരായി ചന്ദ്രശേഖരൻ പറഞ്ഞു. ജന്മനാട്ടിലേക്ക് മടങ്ങിയാലും ഇരുവർക്കും തന്റെ കുടുംബത്തിൽ ഇടമുണ്ടാകുമെന്ന് കെ ടി തങ്കപ്പനും പറഞ്ഞു.
തങ്കപ്പനൊപ്പമാണ് രാജന്റെ താമസം. രാജന് സഹായിയായി ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഖിൽ ദാസും ഒപ്പം താമസിക്കുന്നുണ്ട്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള പരിപാടികളിലാണ് രാജൻ പങ്കെടുക്കുന്നത്. തങ്കപ്പന്റെ സഹോദരിയുടെ മകൻ സനലാണ് കാരായി രാജന്റെ ഡ്രൈവർ. തങ്കപ്പന്റെ മൂത്തമകൻ സുർജിത്തിന്റെ വീട്ടിലാണ് കാരായി ചന്ദ്രശേഖരന്റെ താമസം. എരൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്. സുർജിത്തിന്റെ എട്ടുവയസ്സുള്ള മകൻ കുഞ്ഞാപ്പുവിനോടാണ് ചന്ദ്രശേഖരന് കൂടുതൽ പ്രിയം.