അധിക നികുതി കേന്ദ്രം പൂർണമായി പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. കേന്ദ്രം നികുതി കുറച്ചതിനു അനുപാതികമായ കുറവ് കേരളവും പെട്രോൾ – ഡീസൽ നിരക്കുകളിൽ വരുത്തിയിട്ടുണ്ട്. ഇതിനു പുറമേ വാറ്റിൽ കുറവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയാണ് കേന്ദ്രസർക്കാർ ദീപാവലിയോടു അനുബന്ധിച്ച് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി യഥാക്രമം അഞ്ച് രൂപയും പത്ത് രൂപയും കുറച്ചത്. എന്നാൽ കേരളത്തിൽ ഇന്ന് പെട്രോൾ ലിറ്ററിന് 6.57 പൈസയും ഡീസൽ ലിറ്ററിന് 12.33 പൈസയും കുറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിന്റെ നികുതിയിളവിന് ആനുപാതികമായ കുറവ് സംസ്ഥാനം വരുത്തിയതു കൊണ്ടാണ് ഇതെന്നു ബാലഗോപാൽ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ കേന്ദ്രം സ്പെഷൽ എക്സൈസ് നികുതിയിനത്തിൽ ഇന്ധനവിലയിൽ 30 – 32 രൂപയോളം വർധനയാണ് വരുത്തിയതെന്ന് ധനമന്ത്രി പറഞ്ഞു. ഇതിൽനിന്നു അഞ്ചു രൂപയുടെ ഇളവാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഇതേ കാലയളവിൽ കേരളം ഇന്ധന നികുതിയിൽ വർധന വരുത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്രം നിരത്തുന്നത്. കഴിഞ്ഞ കാലങ്ങളിൽ എക്സൈസ് നികുതി കൂട്ടിയതിൽനിന്നുള്ള വരുമാനത്തിന്റെ പങ്ക് സംസ്ഥാനങ്ങൾക്കു കേന്ദ്രം നൽകുന്നില്ല. സംസ്ഥാനം നഷ്ടം സഹിക്കണമെന്നു പറയുന്നതിൽ അർത്ഥമില്ല. കേരളത്തിന്റെ പ്രധാന വരുമാന മാർഗം ഇന്ധനമാണെന്നും കഴിഞ്ഞ കാലങ്ങളിൽ ഏകദേശം 8,000 കോടിയോളം രൂപയാണ് ഈയിനത്തിൽ ലഭിച്ചത്” – എന്നും അദ്ദേഹം വ്യക്തമാക്കി.