ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തർപ്രദേശിൽ ബിജെപി നേതാക്കളും സംഘപരിവാറും വർഗീയ പ്രചാരണം തീവ്രമാക്കി. ഭൂരിപക്ഷ വിഭാഗക്കാർക്കിടയിൽ ന്യൂനപക്ഷവിരുദ്ധ വികാരം പരമാവധി ഉണർത്താനാണ് ബിജെപി ശ്രമം. വെല്ലുവിളി ഉയർത്തുന്ന സമാജ്വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരായാണ് ബിജെപിയുടെ കടുത്ത വർഗീയാക്രമണം.
മുസ്ലിങ്ങളെ പ്രീണിപ്പിക്കാനായി മതം മാറാൻ പോലും അഖിലേഷ് യാദവ് തയ്യാറാകുമെന്ന് മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു. അഖിലേഷിന് ഐഎസ്ഐയുടെ സംരക്ഷണവും സാമ്പത്തിക പിന്തുണയും കിട്ടുന്നുണ്ടാകും. അവരാണ് ഉപദേശം നൽകുന്നത്. മുഖ്യമന്ത്രി ആദിത്യനാഥ് ഇസ്ലാമിക ലോകത്തിന് വെല്ലുവിളിയായി കഴിഞ്ഞു. അഖിലേഷ് നമാസ് നടത്തുകയും നോമ്പെടുക്കുകയും ചെയ്യും. പാകിസ്ഥാനും താലിബാനും ആഗ്രഹിക്കുന്ന പ്രസ്താവനകളാണ് അഖിലേഷ് നടത്തുന്നത്. സർദാർ പട്ടേലിനെയും ജിന്നയെയും താരതമ്യപ്പെടുത്തിയത് അപലപനീയമാണ്. മാപ്പു പറയണം–- ശുക്ല പറഞ്ഞു.