ഗ്ലാസ്ഗോ
സാമ്പത്തികശക്തികളും വ്യവയാസ പ്രമുഖരും ഹരിതനിക്ഷേപങ്ങളിലേക്ക് എത്തണമെന്ന് ബ്രിട്ടൻ. കാലാവസ്ഥാ ഉച്ചകോടിയിലാണ് ബ്രിട്ടൻ ട്രഷറി സെക്രട്ടറി ഋഷി സുനക് ഇക്കാര്യം ആവശ്യപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങള്‍ ആഗോളതാപനം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ നിക്ഷേപ പദ്ധതികള്‍ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് തോത് ‘നെറ്റ് സീറോ’ ആക്കുന്നതിനും ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസില്‍ നിലനിര്‍ത്തുന്നതിനുമായി വിവിധ കരാറുകളും ഉന്നതതല പ്രഖ്യാപനങ്ങളും ഉച്ചകോടിയുടെ ഭാഗമായി നടന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ഏകദേശം 130 രാഷ്ട്രത്തലവന്മാരും സർക്കാര്‍ പ്രതിനിധികളും പങ്കെടുത്തു.
വരുംദിവസങ്ങളില്‍ വിവിധ സര്‍ക്കാര്‍, വ്യവസായ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തുള്ള സമ്മേളനങ്ങള്‍ തുടരും. നവംബർ 12 വരെ തുടരുന്ന സമ്മേളനം മുന്‍വര്‍ഷങ്ങളിലെ കാലാവസ്ഥാ ഉച്ചകോടിയുടെ തീരുമാനങ്ങളുടെ നടത്തിപ്പ് ഉള്‍പ്പെടെ വിലയിരുത്തും.