അബുദാബി
രണ്ടു തോൽവികൾക്കുശേഷം ഇന്ത്യൻ ബാറ്റർമാർ ഉണർന്നു. അഫ്ഗാനിസ്ഥാനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റണ്ണാണ് അടിച്ചുകൂട്ടിയത്. ട്വന്റി 20 ലോകകപ്പിൽ സെമി സാധ്യത മങ്ങിയ ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരെ വമ്പൻ സ്കോർ ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. തുടർച്ചയായി മൂന്നാം മത്സരത്തിലും ടോസ് നഷ്ടമായെങ്കിലും ഇക്കുറി ബാറ്റർമാർ കാത്തു. ബാറ്റ് എടുത്തവരെല്ലാം വെടിക്കെട്ട് പ്രകടനം നടത്തി. രോഹിത് ശർമ 47 പന്തിൽ 74ഉം ലോകേഷ് രാഹുൽ 48 പന്തിൽ 69ഉം നേടിയപ്പോൾ ഒന്നാം വിക്കറ്റിൽ പിറന്നത് 140 റൺ. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട്. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യയും (13 പന്തിൽ 35) ഋഷഭ് പന്തും (13 പന്തിൽ 27) രംഗം കൊഴുപ്പിച്ചു. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇന്ത്യ കുറിച്ചത്.
രണ്ട് ജയവും പാകിസ്ഥാനെതിരെ തകർപ്പൻ പോരാട്ടം നടത്തിയതിന്റെ ആവേശവുമായി എത്തിയ അഫ്ഗാന് ഇന്ത്യൻ ഓപ്പണർമാർക്കുമുന്നിൽ കളിമറന്നു. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് കളിയിലും ടോസ് കിട്ടിയ അഫ്ഗാൻ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. പാകിസ്ഥാനോടും ന്യൂസിലൻഡിനോടും നിശബ്ദമായ രോഹിതിന്റെയും രാഹുലിന്റെയും ബാറ്റുകൾ വെടിക്കെട്ട് ഉതിർത്തപ്പോൾ ഇന്ത്യക്ക് ലോകകപ്പിൽ ആദ്യമായി മികച്ച തുടക്കംകിട്ടി.
സ്പിന്നർമാരെവച്ച് കളംപിടിക്കാനുള്ള അഫ്ഗാന്റെ പദ്ധതികൾ ആദ്യംതന്നെ ഇരുവരും ചേർന്ന് നിർവീര്യമാക്കി. കഴിഞ്ഞ രണ്ട് കളികളിലും സ്പിന്നർമാർക്കെതിരെ പതറിയ ബാറ്റർമാർ ഇക്കുറി വീര്യം പൂണ്ടു. അഫ്ഗാന്റെ പ്രധാന സ്പിന്നർ റഷീദ് ഖാനെ തുടർച്ചയായ രണ്ട് സിക്സറുകൾ പറത്തിയാണ് രോഹിത് കരുത്തുകാട്ടിയത്. മൂന്ന് സിക്സറും എട്ട് ഫോറും രോഹിതിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.
പതിനഞ്ചാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. രോഹിതിനെ കരീം ജാനത് പുറത്താക്കി. പതിനേഴാം ഓവറിൽ രാഹുലും മടങ്ങി. രണ്ട് സിക്സറും ആറ് ഫോറും പായിച്ച രാഹുലിനെ ഗുൽബദീൻ നയ്ബാണ് മടക്കിയത്. അഫ്ഗാന് ആശ്വസിക്കാൻ കഴിഞ്ഞില്ല. പാണ്ഡ്യെയും പന്തും ചേർന്ന് ശേഷിക്കുന്ന ഓവറുകളിൽ 63 റൺ അടിച്ചുകൂട്ടി. പാണ്ഡ്യയുടെ ഇന്നിങ്സിൽ രണ്ട് സിക്സറും നാല് ഫോറുമായിരുന്നു. പന്ത് മൂന്ന് സിക്സറും ഒരു ഫോറും പായിച്ചു.
അബുദാബിയിൽ ഇന്ത്യയുടെ ആദ്യ കളിയായിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്കോറാണിത്. 2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ കുറിച്ച 4–-218 റണ്ണാണ് ഉയർന്ന സ്കോർ.