കോട്ടയം > എം ജി സർവകലാശാലയിലെ നാനോ സയൻസ് സെന്ററിലെ ഗവേഷക വിദ്യാർഥി ദീപ പി മോഹന് പഠനം പൂർത്തിയാക്കാൻ എല്ലാവിധ സഹായവും നൽകുമെന്ന് വൈസ്ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു.
സമവായമെന്ന നിലയിൽ താൻ ദീപയുടെ ഗൈഡാകാമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു. ഇപ്പോൾ ഉന്നയിക്കുന്ന പീഡന പരാതിയെ കുറിച്ച് എട്ടുവർഷത്തിനിടെ വാക്കാൽപോലും ദീപ അറിയിച്ചിട്ടില്ല. ഗവേഷണനിയമങ്ങളൊന്നും അവർ പാലിക്കാത്തതിനാൽ സർവകലാശാലക്ക് നടപടി സ്വീകരിക്കാം. എന്നാൽ ഗവേഷണം തുടരാൻ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അവർക്ക് സർവകലാശാല എല്ലാസഹായവും പൂർണപിന്തുണയും നൽകും. ദീപ ഉന്നയിച്ച സുപ്രധാന ആവശ്യങ്ങളെല്ലാം സർവകലാശാല അംഗീകരിച്ചു. ഗവേഷണ കാലയളവിലെ എല്ലാ ഫീസുകളും ഒഴിവാക്കി നൽകുന്നതിനും ഹോസ്റ്റൽ സൗകര്യം അനുവദിക്കുന്നതിനും ലാബ്, ലൈബ്രറി എന്നിവ പൂർണ അക്കാദമിക സ്വാതന്ത്ര്യത്തോടെ അനുവദിക്കുന്നതിനും തീരുമാനമായി.
നാനോസയൻസ് സെന്റർ ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കലിനെ പുറത്താക്കണമെന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ല. അദ്ദേഹത്തിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അത് നടപ്പാക്കാനല്ലെ എനിക്ക് പറ്റൂ. ദീപ അധ്യാപകനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെന്നും വസ്തുതക്ക് നിരക്കുന്നതുമല്ല. ഇത്തരം പരാതികൾ മുമ്പ് ഹൈക്കോടതിയും പട്ടികജാതി പട്ടികവർഗ കമീഷനും വിശദമായി പരിശോധിച്ചു. ജാതിപ്പേര് വിളിച്ചെന്നും മുറിയിൽ പൂട്ടിയിട്ടെന്നും ലൈംഗിക അതിക്രമം നടന്നതായുമുള്ള പരാതി കളവാണെന്ന് കണ്ടെത്തി.
ഗവേഷണം പൂർത്തീകരിക്കാൻ എല്ലാ സഹായങ്ങളും ദീപക്ക് ലഭ്യമാക്കണമെന്ന് പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ ഉത്തരവിട്ടിരുന്നു. കമീഷൻ നിർദേശപ്രകാരം രൂപീകരിച്ച ഹൈപ്പവർ കമ്മിറ്റി ഫീസിളവ് നൽകണമെന്ന് ശുപാർശ ചെയ്തു. എന്നാൽ ഫീസ് പൂർണമായി ഒഴിവാക്കി. രാജ്യത്തെ ഉന്നത നിലവാരത്തിലുള്ള സർവകലാശാലയുടെ യശസ് തകർക്കാനുള്ള ഗൂഢനീക്കമാണ് സമരത്തിനുപിന്നിൽ. അദ്ദേഹം പറഞ്ഞു.
ഡോ. നന്ദകുമാറിനെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ സർവകലാശാല കവാടത്തിനു മുന്നിൽ ദീപ പി മോഹൻ നിരാഹാരസമരം തുടരുകയാണ്. ഭീം ആർമിയുടെ നേതൃത്വത്തിലാണ് സമരം. ബുധനാഴ്ച വിവിധ ദളിത് സംഘടനകൾ പിന്തുണയുമായി സമരപ്പന്തലിലെത്തി. സമരം തുടരുമെന്നും നേരത്തെ പരാതി നൽകിയിരുന്നതായും ദീപ മാധ്യമപ്രവർത്തകരോട് പറഞ്ഞു.