കൊച്ചി > ഫ്ലാറ്റുകളിൽ ഓമനമൃഗങ്ങളെ വളർത്തുന്നതിൽ അനാവശ്യ നിയന്ത്രണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാർഗനിർദേശം അനുസരിച്ച് ന്യായമായ നിയന്ത്രണങ്ങളെ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. ഫ്ലാറ്റുകളിൽ ഓമനമൃഗങ്ങളെ വിലക്കിയ റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളുടെ നടപടി ചോദ്യംചെയ്ത് പീപ്പിൾസ് ഫോർ അനിമൽസ് എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
രാജ്യത്തെ നിയമത്തിനുവിരുദ്ധമായി വ്യവസ്ഥ ഉണ്ടാക്കാൻ അസോസിയേഷനുകൾക്ക് അധികാരമില്ലെന്നും വിലക്ക് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന കോടതിയെ സമീപിച്ചത്. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത്, മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം കുറ്റകരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അനിമൽ വെൽഫെയർ ബോർഡിന്റെയും സർക്കാരുകളുടെയും റിപ്പോർട്ട്
കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
താമസക്കാർ സ്വന്തം ഇഷ്ടപ്രകാരം വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിൽ തെറ്റില്ല. ഇതിനായി ലിഫ്റ്റ് ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും തടസ്സമില്ല. എന്നാൽ, സുരക്ഷാ മുൻകരുതലോടെ വേണം ഇവയെ വളർത്താൻ. സമീപത്തെ താമസക്കാരുടെ അവകാശങ്ങൾ ഹനിക്കാതിരിക്കാൻ ഉടമയ്ക്ക് ബാധ്യതയുണ്ട്. മറ്റു ജീവികൾക്കും അവകാശങ്ങളുണ്ടെന്ന് പൗരന്മാരെ ഓർമപ്പെടുത്തേണ്ടതുണ്ട്. മൃഗസംരക്ഷണ ചിന്ത സമൂഹത്തിൽ വളർത്താൻ സംസ്ഥാനത്ത് സ്കൂൾതലംമുതൽ ബോധവൽക്കരണ പരിപാടികൾ സർക്കാർ സംഘടിപ്പിക്കണമെന്നും കോടതി പറഞ്ഞു.