മഴക്കാലത്തില്‍ നിന്ന് കുടചൂടിയ മലയാളിയെ അടര്‍ത്തിമാറ്റാന്‍ എളുപ്പമല്ല. മാസങ്ങളോളം മഴക്കാലമുള്ള കേരളത്തിന്‍റെ കലണ്ടറില്‍ കുട അനിവാര്യതയാണ്. പക്ഷേ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് കേരളത്തില്‍ റെയിൻകോട്ട് ധരിച്ചവരെ അധികം കാണാത്തതെന്ന്?
കഴിഞ്ഞ രണ്ട് വര്‍ഷമായി റെയിൻകോട്ടുകള്‍ക്ക് ആവശ്യക്കാരുണ്ടെന്നാണ് കേരളത്തിലെ പ്രധാനപ്പെട്ട കുട ബ്രാൻഡുകളില്‍ ഒന്നായ ജോൺസ് കുടയുടെ മാനേജിങ് ഡയറക്ടര്‍ ജോപ്പു തയ്യില്‍ പറയുന്നത്. മലയാളികളുടെ ശീലം മാറുന്നുണ്ട്, ജോപ്പു സമയം പ്ലസിനോട് പറഞ്ഞു.
കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് കുട നിര്‍മ്മാതാക്കളില്‍ ഒരാളായ ജോണ്‍സ്, 2019 മുതല്‍ റെയിന്‍കോട്ട് നിര്‍മ്മാണത്തില്‍ സജീവമാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ അത്ര വില്‍പന ഉണ്ടായില്ലെങ്കിലും 2020-21 വര്‍ഷങ്ങളില്‍ നല്ല വില്‍പ്പന ഉണ്ടായിരുന്നു. കണക്കുകള്‍ പരാമര്‍ശിക്കാതെ ജോപ്പു പറയുന്നു.
മറ്റൊരു പ്രധാനപ്പെട്ട കുട ബ്രാൻഡ്, കൊളംബോ റെയിൻകോട്ട് നിര്‍മ്മാണം അഞ്ച് വര്‍ഷം മുൻപ് കുറച്ചു. മലയാളികള്‍ കൂടുതല്‍ കുടയാണ് വാങ്ങുന്നത് എന്നത് തന്നെ കാരണം. കൊളംബോയുടെ മൊത്തം വിൽപ്പനയുടെ 80 ശതമാനം ത്രീ ഫോള്‍ഡ് കുടകളാണ്. പക്ഷേ, ഏതാനും വര്‍ഷങ്ങളായി മഴക്കോട്ട് ഉപയോഗം കൂടിയെന്നാണ് കൊളംബോ ഗ്രൂപ്പ് മാര്‍ക്കറ്റിങ് ഓപ്പറേഷന്‍ മാനേജര്‍ രഞ്ജിത്ത് കെ.എന്‍ പറയുന്നത്.
കുട, മലയാളികള്‍ക്ക് സംസ്‍കാരത്തിന്‍റെ ഭാഗം കൂടെയാണെന്നാണ് ഒരു പ്രവാസി മലയാളിയുടെ നിരീക്ഷണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലും നോക്കിയാല്‍ കുടയുടെ ഉപയോഗം വളരെ കുറവാണ് — തിരുവനന്തപുരം സ്വദേശിയും നിലവില്‍ യു.കെയില്‍ താമസക്കാരനുമായ ഷാന്‍ കൃഷ്ണന്‍ തമ്പി പറയുന്നു.
“യു.കെയില്‍ തണുപ്പുകാലത്തും മഴ ഉള്ളപ്പോഴും കോട്ടാണ് എല്ലാവരും ഉപയോഗിക്കുന്നത്. റെയിന്‍കോട്ട് അവരുടെ സംസ്‌കാരത്തിന്‍റെ ഭാഗമാണ് എന്ന് വേണമെങ്കില്‍ പറയാം. മാത്രമല്ല, കുട കൈയ്യില്‍ പിടിക്കുന്നത് എനര്‍ജി കളയുന്നതിന് തുല്യമാണെന്നാണ് ഇവിടുത്തുകാരുടെ പറച്ചിൽ. ഞാന്‍ താമസിക്കുന്ന വെയില്‍സ് മഴകൂടുതലുള്ള സ്ഥലമാണ്. എന്നിരുന്നാലും ആരും തന്നെ കുട ഉപയോഗിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഒരു പക്ഷേ, മലയാളിയാണെങ്കില്‍ പോലും യു.കെയില്‍ എത്തിയാല്‍ ആ സംസ്‌കാരം സ്വീകരിക്കും” — ഷാന്‍ സമയം പ്ലസിനോട് പറഞ്ഞു.
മലയാളി എന്ത് തെരഞ്ഞെടുക്കുമ്പോഴും അത് സംസ്‍കാരത്തെയും സമൂഹത്തെയും അടിസ്ഥാനമാക്കിയാണെന്ന് ഷാൻ കരുതുന്നു.
“മനസിന് ഇഷ്ടപ്പെട്ട ഒരു ഡ്രസ്സ് ഇടുന്നത് മുതല്‍ സുഹൃത്തിനെ തെരഞ്ഞെടുക്കുന്നത് വരെ സമൂഹത്തെ കണ്ണാടിയാക്കിയാണ്. ഇതുപോലെ നാട്ടുകാരെ തൃപ്തിപ്പെടുത്തുന്ന മലയാളിക്ക് പെട്ടന്ന് കുടയില്‍ നിന്നും റെയിന്‍ കോട്ടിലേക്ക് ചേക്കേറാന്‍ എന്തായാലും ബുദ്ധിമുട്ട് ഉണ്ടാകും. സമൂഹത്തില്‍ നിന്ന് ചോദ്യങ്ങള്‍ ഉയരുമോ അല്ലെങ്കില്‍ അഹങ്കാരി എന്ന പേര് വീഴുമോ എന്നുള്ള നിരവധി കാര്യങ്ങള്‍ ചിന്തിക്കും”
കേരളത്തില്‍ കുടയുടെ മാര്‍ക്കറ്റ് കുട്ടികളുടെ പരോക്ഷമായ താൽപര്യം കൂടെ കണക്കിലെടുത്താണെന്നാണ് ജോപ്പു വിശദീകരിക്കുന്നത്. നല്ല ഭംഗിയും ഡിസൈനുകളുമുള്ള കുടകള്‍ കൊണ്ടുനടക്കാന്‍ കുട്ടികള്‍ക്ക് എല്ലാ കാലത്തും ഇഷ്ടമാണല്ലോ. റെയിൻകോട്ട് ഉപയോഗം ഇപ്പോഴും ആശങ്ക നിറഞ്ഞതാണ്. അവര്‍ക്ക് സൗകര്യം കുട തന്നെയാണ്. കോട്ട് മടക്കി സൂക്ഷിക്കാനും ധരിക്കാനും ഇക്കൂട്ടര്‍ക്ക് പ്രയാസമാണെന്നും ജോപ്പു പറയുന്നു.
മഴയും വെയിലും മാറിമാറി വരുന്ന കേരളത്തില്‍ കുട തന്നെയാണ് നല്ലതെന്നാണ് തൃശ്ശൂര്‍ സ്വദേശിയായ വിദ്യാര്‍ഥി അതുല്‍ പ്രഭ കരുതുന്നത്. മഴയത്തും വെയിലത്തും കുട ഉപയോഗിക്കാം. റെയിൻകോട്ടിന്‍റെ കാര്യത്തില്‍ ആ സാധ്യതയില്ലല്ലോ. – അതുല്‍ തുടരുന്നു.
“കാല്‍നടയാത്രികാരെ സംബന്ധിച്ചിടത്തോളം കുടയാണ് നല്ലത് എന്നാണ് എന്‍റെ അഭിപ്രായം. കാരണം, പെട്ടെന്ന് നല്ലൊരു മഴ വന്നാല്‍ കുടയാണെങ്കില്‍ എളുപ്പത്തില്‍ നിവര്‍ത്താനും ഉപയോഗിക്കാനും സാധിക്കും. പക്ഷേ, കോട്ടാണെങ്കില്‍, ആദ്യം അത് മാറാനുള്ള സ്ഥലം കണ്ടുപിടിക്കണം. പിന്നെ ഇട്ടുവരുമ്പോഴേക്കും സമയം ഒരുപാട് എടുക്കുകയും ചെയ്യും. മാത്രമല്ല, ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകണം എന്ന് കരുതിയാലോ? അവിടെ ചെന്ന് ഇതെല്ലാം അഴിക്കണം, സുരക്ഷിതമായി എടുത്തുവെക്കണം, തിരിച്ചുവരാന്‍ നേരത്ത് വീണ്ടും എടുത്ത് ഇടണം. കുടയാണെങ്കില്‍ വളരെ എളുപ്പത്തില്‍ തുറക്കുകയും അടക്കുകയും ചെയ്യാം. മാത്രമല്ല, വലിയ കടകളിലേക്ക് ചെല്ലുമ്പോള്‍ കുട വെക്കാനുള്ള ബക്കറ്റോ മറ്റ് സൗകര്യങ്ങളും ഉണ്ടാകും. ഇപ്പോള്‍ രണ്ട് പേര്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന വലിയ കുടകളും വിപണിയില്‍ ലഭ്യമാണ്. കാറ്, ബസ് തുടങ്ങിയ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും കുടയാണ് സൗകര്യം.” അതുല്‍ പ്രഭ പറയുന്നു.
ആരാണ് റെയിൻകോട്ട് വാങ്ങുന്നത്?
റെയിന്‍കോട്ടുകള്‍ വാങ്ങുന്നത് കൂടുതലും പുരുഷന്മാര്‍ തന്നെയാണ്. ആദ്യ കാലങ്ങളില്‍ മാത്രമല്ല, ഇപ്പോഴും അത് അങ്ങനെയാണ് — ജോൺസ് എം.ഡി ജോപ്പു പറയുന്നു
റെയിന്‍കോട്ടിന്‍റെ ഉപയോഗം സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ജോപ്പു പറയുന്നു. മാത്രമല്ല, സ്ത്രീകളുടെ സൗകര്യത്തിന് അനുസരിച്ചുള്ള സ്‌കേര്‍ട്ട് ടൈപ്പ് റെയിന്‍കോട്ടുകളും ജോൺസ് നിര്‍മ്മിക്കുന്നുണ്ട്. നേരത്തെ ഫുള്‍ സ്യൂട്ട് റെയിന്‍കോട്ട് മാത്രം ഉണ്ടായിരുന്നപ്പോള്‍ സ്ത്രീകള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടാണ് ഉണ്ടായിരുന്നത്. അത് തിരിച്ചറിഞ്ഞാണ് പുതിയ ആശയം കൊണ്ടുവന്നതെന്നും ജോപ്പു പറയുന്നു.
കേരളത്തില്‍ ടൂ വീലര്‍ ഉപയോഗം വര്‍ധിച്ചതോടെയാണ് സ്ത്രീകളും റെയിന്‍കോട്ട് ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ് പാലക്കാട് സ്വദേശി അനുപമ എ.കെ സമയം പ്ലസിനോട് പറഞ്ഞത്. ഫുഡ് ഡെലിവറി പാര്‍ട്‍ണറായി ജോലി ചെയ്യുന്ന അനുപമ രണ്ടു വര്‍ഷമായി സ്ഥിരം റെയിന്‍കോട്ടാണ് ഉപയോഗിക്കുന്നത്.
നേരത്തെ മഴയുള്ളപ്പോള്‍ സ്‌കൂട്ടിയില്‍ പുറത്ത് പോകാറുണ്ടായിരുന്നില്ല. റെയിൻകോട്ട് ഉപയോഗം കുറവായിരുന്നു. സ്ത്രീകള്‍ക്ക് പൊതുവെ റെയിന്‍കോട്ട് ഉപയോഗിക്കാന്‍ മടിയുണ്ടോ എന്ന ചോദ്യത്തിന്, അത് ഓരോരുത്തരുടെയും മനസ് പോലെ ഇരിക്കും എന്നാണ് അവര്‍ നൽകുന്ന മറുപടി.
“റെയിന്‍കോട്ട് മാത്രമല്ല, ഏതൊരു സാധനവും ഉപയോഗിക്കുന്നതിന് മുമ്പ് ചെറിയ പേടിയും മടിയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അല്ലെങ്കില്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നും പലരും ചിന്തിക്കാറുണ്ട്. എന്നാല്‍, ആ വസ്തു നമുക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാല്‍, അതല്ലെങ്കില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാല്‍ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. പിന്നെ ആര് എന്ത് പറഞ്ഞാലും നമുക്ക് പ്രശ്‌നമില്ല. മറ്റൊരു കാര്യം, പുറത്തു പോയി ആളുകളുമായി ഇടപഴകാത്തവര്‍, ടു വീലര്‍ ഉപയോഗിക്കാത്തവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട മിക്ക സ്ത്രീകളും റെയിന്‍കോട്ട് ഇടാന്‍ മടികാണിക്കാറുണ്ട്. ഒരു പക്ഷേ ഭര്‍ത്താവിന്റേയോ മക്കളുടേയോ കൂടെ മഴയുള്ള സാഹചര്യത്തില്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍, മഴ മാറുന്നത് വരെ എവിടെയെങ്കിലും കയറി നില്‍ക്കുന്നതും പതിവ് കാഴ്ച്ചയാണ്” അനുപമ എ.കെ പറഞ്ഞു.
കേരളത്തില്‍ ഇരുചക്രവാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ റെയിൻകോട്ട് നിര്‍ബന്ധമാക്കേണ്ട സാഹചര്യമുണ്ടെന്നാണ് ജോപ്പു പറയുന്നത്.
“മുൻപ് ഒരാള്‍ വണ്ടി ഓടിക്കുമ്പോള്‍ പുറകിലുള്ള ആള്‍ കുടപിടിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമങ്ങള്‍ അത്തരം പ്രവൃത്തികളെ കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വരും വര്‍ഷങ്ങളില്‍ റെയിന്‍കോട്ട് ഉപയോഗം വര്‍ധിക്കും” ജോപ്പു പ്രവചിക്കുന്നു.
ഈ നിരീക്ഷണം കൊളംബോ ഗ്രൂപ്പ് മാര്‍ക്കറ്റിങ് ഓപ്പറേഷന്‍ മാനേജര്‍ രഞ്ജിത്ത് കെ.എന്‍ പിന്‍താങ്ങുന്നു.
“ഇരുചക്രവാഹനയാത്രികരാണ് കൂടുതലും റെയിൻകോട്ട് ഉപയോഗിക്കുന്നത്. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കുട ഉപയോഗിക്കാന്‍ പാടില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് കുറച്ച് ദിവസം മുമ്പ് പറഞ്ഞിരുന്നു. ഇത് വരും വര്‍ഷങ്ങളില്‍ മഴക്കോട്ട് ഉൽപ്പാദനം കൂട്ടിയെക്കും. ക്രോയ്‌ഡോണ്‍ എന്ന പേരില്‍ കൊളമ്പോക്ക് ഒരു റെയിന്‍കോട്ടിന്റെ ബ്രാന്‍ഡുണ്ട്. ശ്രീലങ്കയിലാണ് ഇതിന്റെ സാംപിള്‍ നിര്‍മ്മാണം നടത്തിയിരുന്നത്. അവിടെയുള്ള ഒരു നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്നാണ് റെയിന്‍കോട്ട് നിര്‍മ്മാണം നടത്തിയിത്. കുടയുടെ നിര്‍മ്മാണവും അവിടെ ചെയ്യുന്നുണ്ട്. ഭാവിയില്‍ ക്രോയ്‌ഡോണിന്റെ ഉത്പാദനം വിപുലമാക്കും” രഞ്ജിത് കെ.എൻ പറയുന്നു.
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കുട ഉപയോഗിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2021 സെപ്റ്റംബറില്‍ കൊല്ലം ജില്ലയില്‍ മകനൊപ്പം ബൈക്കിൽ യാത്ര ചെയ്‍തിരുന്ന സ്ത്രീ മഴയത്ത് കുട വിടര്‍ത്തുകയും കാറ്റിൽ കുട എതിര്‍ദിശയിലേക്ക് പറന്നതിനെ തുടര്‍ന്ന് ബൈക്കിന്‍റെ നിയന്ത്രണം വിട്ട് മറിഞ്ഞുവീണ് മരണപ്പെട്ടിരുന്നു. അധികം വൈകാതെ, ഇരുചക്രവാഹനങ്ങളില്‍ കുട ചൂടുന്നത് തടയാന്‍ കേരളത്തിലെ എല്ലാ ഗതാഗത ഉദ്യോഗസ്ഥര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കത്ത് നല്‍കിയിരുന്നു.
****