അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആൻ്റണി രാജുവിന് നോട്ടീസ് കൈമാറി. ബസുടമകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. ഇന്ധന വില ഉയരുന്നതിനാൽ മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. കൊവിഡ്-19 കാലം കഴിയുന്നതുവരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്.
വിദ്യാർഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഡീസലിന് 62 രൂപ ഉണ്ടായിരുന്ന 2018ലെ അതേ നിരക്കാണ് ഇപ്പോഴും തുടരുന്നതെന്ന് ബസുടമകൾ പറഞ്ഞു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. എന്നാൽ കൊവിഡ് സാഹചര്യം തുടരുന്നതിനാൽ ബസ് ചാർജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ കഴിയുമെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങാനുള്ള ബസുടമകളുടെ തീരുമാനത്തോട് സർക്കാർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണം കുറവാണെന്ന് ബസ് ഉടമകൾ പറഞ്ഞിരുന്നു. ഇന്ധവില വർധന തുടരുന്നതിനാൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ മുൻപും ആവശ്യപ്പെട്ടിരുന്നു.