കോഴിക്കോട്: കേരളത്തിൽ ബി.ജെ.പി നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ഇതിന് നിരവധി കാരണങ്ങളുണ്ടെന്നും പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ പി.പി മുകുന്ദൻ. നേതാക്കളുടെ തമ്മിലടിയിൽ പ്രവർത്തകർക്ക് മനംമടുത്ത് തുടങ്ങിയെന്നും അദ്ദേഹം മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. കേരളത്തിലെ നേതാക്കൾ തമ്മിൽ ഒരു യോജിപ്പുമില്ല. പാർട്ടിയെ വളർത്തുന്നതിനും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പകരം തമ്മിലടിക്കുകയാണ് നേതാക്കൾ. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇതിനോടകം പതിനായിരത്തിന് മുകളിൽ പ്രവർത്തകർ പാർട്ടി വിട്ടുവെന്നാണ് തനിക്ക് ജില്ലകളിൽ നിന്ന് ലഭിച്ച കണക്കെന്നും അദ്ദേഹം പറഞ്ഞു.
കെ. സുരേന്ദ്രനെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നല്ല താൻ പറഞ്ഞത്. അങ്ങനെ മാറ്റുന്നതിന് വേണ്ടി കാത്തിരിക്കേണ്ട കാര്യം ഇല്ല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം, ഫലം എന്നിവ പരിശോധിച്ചാൽ സുരേന്ദ്രൻ ഇതിനോടകം സ്വയം മാറി നിൽക്കേണ്ടതാണ്. കൊടകര കേസ്, സ്ഥാനാർഥിക്ക് പണം വാഗ്ദാനം ചെയ്ത സംഭവം തുടങ്ങിയവയൊക്കെ പ്രവർത്തകരുടെ വിശ്വാസ്യത ഇല്ലാതാക്കിയിട്ടുണ്ട്. വിശ്വാസ്യത നഷ്ടപ്പെടുന്നത് നേതാവിനും പാർട്ടിക്കും വലിയ ക്ഷീണമുണ്ടാക്കും. ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും മുകുന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ എം.ടി രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ വിട്ടുനിൽക്കുന്നത് എന്ത് സന്ദേശമാണ് പ്രവർത്തകർക്ക് നൽകുന്നത്. ഒരു പാർട്ടിയിൽ ഐക്യവും കെട്ടുറപ്പുമില്ലെന്ന് തോന്നിയാൽ സാധാരണക്കാരായ പ്രവർത്തകർ അവിടെ നിന്ന് വിട്ടുപോകും. എന്തുകൊണ്ടാണ് കേന്ദ്ര നേതൃത്വം ഈ വിഷയങ്ങൾ മുന്നിലുണ്ടായിരുന്നിട്ടും ഒരു നടപടി സ്വീകരിക്കാത്തതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കമുള്ള പാർട്ടി എന്ന് പറയുമ്പോൾ ശോഭ സുരേന്ദ്രനെ സംസ്ഥാന പട്ടികയിൽ വെട്ടി. അവർ കേന്ദ്രത്തെ കണ്ടാണ് സീറ്റ് നേടിയത്. അപ്പോൾ അച്ചടക്കം എവിടെയാണ്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനേയും അദ്ദേഹം വിമർശിച്ചു. മുരളീധരൻ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണം എന്ന് ആരെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരമാണ് പറയാൻ കഴിയുകയെന്നാണ് മുകുന്ദൻ ചോദിച്ചു. കേരളത്തിലെ ജനങ്ങൾക്കെന്നല്ല പാർട്ടി പ്രവർത്തകർക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിയുകയും മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത നിരവധി പ്രവർത്തകരുടെ കുടുംബങ്ങളുണ്ട്. അവർക്ക് വേണ്ടി പോലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പാർട്ടിക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ നിന്ന് നിയമസഭയിലേക്ക് വന്നപ്പോൾ മൂന്ന് ലക്ഷം വോട്ടുകൾ കുറഞ്ഞു. ഇത് എവിടെയാണ് പോയതെന്ന് പരിശോധിക്കാൻ പോലും തയ്യാറാകുന്നില്ല. മിടുക്കൻമാരായ നിരവധി പ്രവർത്തകരേയും നേതാക്കളേയും ഈ നേതൃത്വം ഒതുക്കി. ഇതിന്റെയൊക്കെ ഫലമാണ് ഈ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവിനെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും അത് ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാത്രമല്ല പാർട്ടിയുടെ ശക്തികേന്ദ്രമായ സംസ്ഥാനങ്ങളിൽ പോലും ഇതാണ് അവസ്ഥ. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവരുടെ ജീവിത ചെലവിനെ കുത്തനെ ഉയർത്തുന്ന തീരുമാനമാണ് ഇന്ധന വില ദിവസവും കൂട്ടുന്നത്. ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നുവെന്ന് മനസ്സിലാക്കാൻ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നോക്കിയാൽ മതിയെന്നും മുകുന്ദൻ പറയുന്നു.
2016ൽ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി അന്നത്തെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അപമാനിച്ചുവെന്നും മുകുന്ദൻ പറഞ്ഞു. പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് പറഞ്ഞിരുന്നു. അത് പൊതുവായി പറയണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് മാധ്യമപ്രവർത്തകരോട് കുമ്മനം പറഞ്ഞു. ഇതിന് ശേഷം പാർട്ടി ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ അവിടെ എത്തിയപ്പോൾ കുമ്മനവും പാർട്ടിയുടെ ഉത്തരവാദപ്പെട്ടവരും ആസ്ഥാനത്ത് പോലും ഉണ്ടായിരുന്നില്ലെന്നും അന്വേഷിച്ചപ്പോൾ എപ്പോൾ വരാൻ പറ്റുമെന്ന് അറിയില്ലെന്നുമാണ് അന്ന് പ്രതികരിച്ചതെന്നും മുകുന്ദൻ വെളിപ്പെടുത്തി.
Content Highlights: BJP in kerala facing deep trouble says pp mukundhan