കൊച്ചി
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷും ജാമ്യത്തിൽ ഇറങ്ങുന്നതോടെ എൻഐഎയുടെ യുഎപിഎ കേസ് അപ്രസക്തമാകും. യുഎപിഎയ്ക്ക് തെളിവ് എവിടെ എന്ന ചോദ്യം കേസിന്റെ തുടക്കംമുതൽ പ്രത്യേക കോടതിയിൽനിന്ന് ഉയരുന്നതാണ്.
രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തകർക്കുന്ന തീവ്രവാദപ്രവർത്തനമെന്നാണ് എൻഐഎ ആവർത്തിച്ചത്. എന്നാൽ, ഒരുഘട്ടത്തിലും തെളിയിക്കാനും പ്രധാന പ്രതികളിലേക്ക് അന്വേഷണം എത്തിക്കാനും എൻഐഎയ്ക്കായില്ല. അന്തർദേശീയ തീവ്രവാദബന്ധം പറഞ്ഞപ്പോഴും വിദേശത്തുള്ള പ്രതികളെ ചോദ്യംചെയ്യാനുമായില്ല. കേസ് അന്വേഷിക്കുമ്പോഴാണ് യുഎഇ കോൺസൽ ജനറലും അറ്റാഷെയും വിദേശപൗരന്മാരായ ജീവനക്കാരും രാജ്യം വിട്ടത്. നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ഫൈസൽ ഫരീദിനെ യുഎഇയിൽ പോയി ചോദ്യംചെയ്യാൻ അനുമതി തേടിയെങ്കിലും കേന്ദ്രമന്ത്രാലയം നൽകിയില്ല.
കസ്റ്റംസ്, ഇഡി ഏജൻസികളും അന്വേഷണത്തിന് ഇറങ്ങിയിരുന്നു. ഡോളർകടത്ത്, യുണിടാക് ഇടപാട് എന്നിങ്ങനെ കേസുകളും രജിസ്റ്റർ ചെയ്തു.
യുഎപിഎയ്ക്കുപുറമെ കോഫെപോസയും ചുമത്തി. എല്ലാ കേസിലും ജാമ്യം നേടിയാണ് പ്രതികൾ പുറത്തിറങ്ങുന്നത്. സ്വപ്നയ്ക്കൊപ്പം പിടിയിലായ സന്ദീപ് നായർ കഴിഞ്ഞമാസം ജയിൽമോചിതനായി. മുഹമ്മദ് ഷാഫി, റബിൻസ്, ജലാൽ, റമീസ്, ഷറഫുദീൻ, സരിത്, മുഹമ്മദലി എന്നിവർക്കും ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുതൽതടങ്കലിലായതിനാൽ ഇവരുടെ മോചനം വൈകും.