തിരുവനന്തപുരം
നടൻ ജോജു ജോർജിനെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കെ സുധാകരനെ പിന്തുണയ്ക്കാതെ വി ഡി സതീശൻ. അടിയന്തര പ്രമേയ നോട്ടീസ് വേളയിലായിരുന്നു ജോജുവും ചർച്ചയിൽ വന്നത്. കൊച്ചിയിൽ സമാധാനപരമായ സമരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. കൊച്ചിയിലെ സമരസ്ഥലത്തുണ്ടായ സംഭവത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതികരണം ജനം കേട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘കാര്യമറിയാതെ ആ സിനിമാതാരത്തെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായോ. സാധാരണ അങ്ങനെയല്ല ഇത്തരം സംഭവങ്ങളെ കാണുക. കാര്യം എന്താണെന്ന് വ്യക്തമായി അന്വേഷിക്കണ്ടേ? അതിനുമുമ്പേ കെപിസിസി അധ്യക്ഷൻ അക്രമത്തെ ന്യായീകരിച്ചത് ശരിയായോ’–- മുഖ്യമന്ത്രി ചോദിച്ചു. ഈ ഘട്ടത്തിൽ, സുധാകരനെ ന്യായീകരിക്കാൻ വി ഡി സതീശൻ തയ്യാറായില്ല. ‘സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുന്നതാണ് നല്ലത്’ എന്നുപറഞ്ഞ അദ്ദേഹം പൊലീസുകാരാണ് സമരക്കാരെ തെറ്റിദ്ധരിപ്പിച്ചതെന്നും പറഞ്ഞു.
നേരത്തേ മന്ത്രി കെ എൻ ബാലഗോപാലും ജോജു സംഭവം ചൂണ്ടിക്കാട്ടി. ‘ജോജു മദ്യപിച്ചതാണെന്ന് കപടപ്രചാരണവും നടത്തി. പരിശോധിച്ചപ്പോൾ അതും പൊളിഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഒരു സ്ത്രീ മാർച്ച് നടത്തി. അന്ന് അവർക്ക് എന്തെങ്കിലും സംഭവിച്ചോ. വിമർശിക്കുന്നവരോട് ഞങ്ങൾക്ക് അസഹിഷ്ണുതയില്ല’–- ബാലഗോപാൽ പറഞ്ഞു.