മുംബൈ
ഭീഷണിപ്പെടുത്തി പണം പിരിച്ചെന്ന കേസില്‍ മുതിര്‍ന്ന എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയുമായ അനില്‍ ദേശ്മുഖ് റിമാൻഡിൽ. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച അർധരാത്രി അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക കോടതിയിൽ ഹാജരാക്കിയ ദേശ്മുഖിനെ ശനിയാഴ്ചവരെ ഇഡി കസ്റ്റഡിയിൽ വിട്ടു.ആരോപണങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവച്ചത്. മന്ത്രിയായിരിക്കെ ബാറുടമകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ വഴി 4.7 കോടി പിരിച്ചെന്നാണ് കേസ്. നൂറുകോടി പിരിക്കാന്‍ അനില്‍ ദേശ്മുഖ് നിര്‍ദേശിച്ചെന്നാണ് ആരോപണം. പിഎ കുന്ദൻ ഷിണ്ഡേ, പിഎസ് സഞ്ജീവ് പാലാണ്ഡെ എന്നിവരെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തു.
മുംബൈ മുൻ പൊലീസ് കമീഷണർ പരംബീർ സിങ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിലാണ് ബാറുടമകളിൽനിന്ന് പണംപിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് അനിൽ നിർദേശിച്ചെന്ന് ആരോപിച്ചത്. ഇതിൽ സിബിഐയും പിന്നാലെ ഇഡിയും കേസെടുത്തു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ തകർക്കാനുള്ള ബിജെപിയുടെ ശ്രമമാണ് അറസ്റ്റിന് പിന്നിലെന്ന് മന്ത്രി നവാബ് മാലിക് ആരോപിച്ചു.